ഫോട്ടോഗ്രാഫർ രക്ഷിച്ച പാലക്കാട് സ്വദേശിക്കു ചികിത്സ

ആലുവ : മരിച്ചെന്ന് കരുതി പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിടെ ഫോട്ടോഗ്രാഫർ ജീവന്റെ തുടിപ്പു കണ്ടെത്തിയ പാലക്കാട് സ്വദേശിയായ യുവാവ് തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. അബോധാവസ്ഥ തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിനും ശ്വാസകോശത്തിനും വൃക്കകൾക്കും അണുബാധയുണ്ട്. ചുണങ്ങം വേലിയിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടുകാർ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

കാൽനൂറ്റാണ്ടായി പോലീസിനുവേണ്ടി മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടത്തിന്റെയും ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫർ ആലുവ സ്വദേശി ടോമി തോമസിനും ഇത് ആദ്യ അനുഭവം. ” കമിഴ്ന്നു കിടന്ന് ശരീരം നിവർത്തി കിടത്തി മുഖത്ത് വെള്ളം തളിച്ചപ്പോൾ നേർത്ത ഞരക്കം പോലെ. അല്പം ജീവൻ അവശേഷിക്കുന്നതായി തോന്നി. മുറിക്കുള്ളിൽ ഉണ്ടായിരുന്ന എസ്ഐയോട് വിവരം പറഞ്ഞു. സൂക്ഷിച്ചു നോക്കിയപ്പോൾ അദ്ദേഹത്തിനും സംശയം. അതോടെ ഇൻക്വസ്റ്റ് അവസാനിപ്പിച്ചു. അപ്പോൾ ആംബുലൻസ് എത്തിയിരുന്നില്ല. മൃതദേഹം കയറ്റാൻ വേണ്ടിയായതിനാൽ ഇൻക്വസ്റ്റ് കഴിയുമ്പോഴേക്കും വരാം എന്നാണ് പറഞ്ഞിരുന്നത്. ആൾക്കു ജീവൻ ഉണ്ടെന്ന് പറഞ്ഞ് അവരെ വേഗം വരുത്തുകയായിരുന്നു. ആദ്യം ചെന്ന ആശുപത്രിയിൽ പരിശോധിച്ച ശേഷം മടക്കി. രണ്ടാമത്തെ ആശുപത്രിയിലാണ് പ്രാഥമിക ചികിത്സ ലഭിച്ചത്”- യുവാവിന്റെ രക്ഷകനായി മാറിയ ടോമി പറഞ്ഞു.

ആലുവ പുഴയിൽ സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം, ആറംഗ കുടുംബത്തെ ഇല്ലാതാക്കിയ മാഞ്ഞൂരാൻ കൂട്ടക്കൊല തുടങ്ങി ഒട്ടേറെ സംഭവങ്ങളുടെ മഹസ്റ്ററും ഇക്വസ്റ്റ്യൻ പകർത്തിയത് ടോമിയാണ്. ടോമിയുടെ ഇത്തരം അനുഭവങ്ങൾ കോർത്തിണക്കി ഇൻക്വസ്റ്റ് എന്നപേരിൽ സിനിമ ഇറക്കാൻ ശ്രമമുണ്ട്. സുഹൃത്തായ ഡോക്ടറുടെയാണ് തിരക്കഥ.ഷൂട്ട്‌ തുടങ്ങാനിരിക്കുകയാണ് ലോക്ക്ഡൌൺ വന്നത്.

18 വർഷം മുമ്പ് ആൽബം ചിത്രീകരണത്തിനു പോകുമ്പോൾ കുതിരാനിൽ കാർ പാലത്തിന്റെ തൂണിലിടിച്ച് ടോമിയുടെ ഇരുവശത്തും ഇരുന്ന രണ്ട് പേർ മരിച്ചു. നിർമാതാവും നടിയും. ദീർഘകാലം ചികിത്സക്കു ശേഷമാണ് ടോമി അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.