കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് മാദ്ധ്യമങ്ങള്‍ക്ക് അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ഓഡിയോ സന്ദേശമയച്ചു.

കൊച്ചി:രാഷ്ട്രീയ പരാമര്‍ശം നടത്തിയും ആത്മഹത്യാ ഭീഷണി മുഴക്കിയും സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് മാദ്ധ്യമങ്ങള്‍ക്ക് അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ഓഡിയോ സന്ദേശമയച്ചു.മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് ശബ്ദരേഖ പുറത്തുവന്നത്.
സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും ഭയംകൊണ്ടാണ് മാറി നില്‍ക്കുന്നതെന്നും മുഖ്യമന്ത്രിയുടെ വസതിയില്‍ പോയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ശബ്ദരേഖയുടെ പൂര്‍ണരൂപം.
യു.എ.ഇ കോണ്‍സലേറ്റിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയ സ്ത്രീയാണ് താനെന്ന് എല്ലാവരും പറയുന്നു. അങ്ങനെയൊന്നും ചെയ്തിട്ടില്ല. ആ സ്വര്‍ണത്തില്‍ ഒരു പങ്കുമില്ല.
ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന് കാര്‍ഗോ ഇതുവരെ ക്ലിയറായില്ലെന്ന് യു.എ.ഇയിലെ ഡിപ്ലോമാറ്റ് വിളിച്ചുപറഞ്ഞു. അതൊന്ന് അന്വേഷിക്കാനും നിര്‍ദേശിച്ചു. കസ്റ്റംസ് അസി.കമ്മിഷണര്‍ രാമമൂര്‍ത്തി സാറിനോട് ചോദിച്ചു. യു.എ.ഇ ഡിപ്ലോമാറ്റ് ആകെ വറീഡാണെന്നും കാര്‍ഗോ എത്രയുംപെട്ടെന്ന് ക്ലിയര്ചെയ്യാനും പറഞ്ഞു. ശരി മാഡമെന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍വച്ചു. പിന്നീടൊന്നും എനിക്കറിയില്ല. കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റുമായി എനിക്ക് ബന്ധമില്ല. കോണ്‍സലേറ്റ് ജനറലിന്റെ അഡ്മിനിസ്ട്രേറ്റിവ് ജോലി മാത്രമാണ് ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായി ഒരുപാട് ഉന്നതരമായി സംസാരിച്ചിട്ടുണ്ട്. കോണ്‍സല്‍ ജനറല്‍ പറയുന്ന ജോലിയല്ലാതെ വേറെയൊന്നും ചെയ്തിട്ടില്ല.
ജോലിയില്ലാത്ത അനിയന്, വിധവയായ അമ്മ, ഇവരെയാരെയും ഒരു സര്‍ക്കാര്‍ സര്‍വീസിലും നിയമിച്ചിട്ടില്ല. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിലും വസതിയിലും പോയി ഒരുകരാറിലും പങ്കാളിയായിട്ടില്ല. യു.എ.ഇയില്‍ നിന്ന് വരുന്നവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുക, അവര്‍ക്കുവേണ്ട കാര്യങ്ങള്‍ നല്‍കുക, അവരെ കംഫര്‍ട്ടബിള്‍ ആക്കുക തുടങ്ങിയവ മാത്രമാണ് ചെയ്തിരുന്നത്. യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ പിന്നില്‍ നില്ക്കുക എന്നതാണ് എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാന്നിന്നത്. കഴിഞ്ഞ നാഷണല്ഡേ നിങ്ങളെടുത്ത് നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്. അന്ന് വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. യു.എ.ഇ കോണ്‍സലേറ്റില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം ഞാന്‍ സഹായിച്ചിട്ടുണ്ട്. സ്പേസ് പാര്‍ക്കില്‍ ജീവനക്കാരിയായിരുന്നിട്ട് എന്തിന് യു.എ.ഇ കോണ്‍സലേറ്റില്‍ കൈയിട്ടുവെന്ന് നിങ്ങള്‍ ചോദിക്കും. അത് ഞാന്‍ ജനിച്ചുവളര്‍ന്ന യു.എ.ഇയോടുള്ള സ്നേഹമാണ്. യു.എ.ഇയെ ചതിക്കില്ല. എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയുടെവക്കില്‍ കൊണ്ടുനിറുത്തി. ഇതിലുണ്ടാകുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിനും മാത്രമാണ്. മുഖ്യമന്ത്രിയേയോ മറ്റ് മന്ത്രിമാരെയോ ബാധിക്കില്ല. ഭയംകൊണ്ടും എന്റെ കുടുംബത്തിനുള്ള ഭീഷണി കാരണവുമാണ് ഞാന്‍ മാറിനില്‍ക്കുന്നത്. ഞാനെന്ന സ്ത്രീയെ മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍ എന്നിവരെയൊക്കെ ചേര്‍ത്ത് പറയുന്നത് ഇനി വരാന്‍ പോകുന്ന ഇലക്ഷനില്‍ സ്വാധീനിക്കാനാണ്.
ഡിപ്ലോമാറ്റിക് കാര്‍ഗോ ദുബായില്‍ നിന്ന് ആര് അയച്ചോ അവരുടെ പിന്നാലെ നിങ്ങള്‍ പോകണം. പാവപ്പെട്ടവരുടെ തലയില്‍ അടിച്ചമര്‍ത്തി തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാന്‍ നോക്കാതെ യഥാര്‍ത്ഥ നടപടി നിങ്ങളെടുക്കണം. എന്റെ കാര്യവും അന്വേഷിക്കൂ. ഞാന്‍ ഏതൊക്കെ കരാറില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അന്വേഷിച്ചോളൂ. മീഡിയ എല്ലാ കുടുംബത്തെയും നശിപ്പിക്കും. ഇതുപോലെ ഒരുപാട് സ്വപ്നകള് നശിക്കും. എന്റെ മോള് എസ്.എഫ്.ഐയാണെന്നാണ് മറ്റൊരു വാദം. എന്റെ മോളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?. അവള് സോഷ്യല്‍ വര്‍ക്കറോ, ആക്ടിവിസ്റ്റോ എന്നൊക്കെ വിളിച്ചു പറയുന്നു. മക്കളെ നല്ല നിലയിലാണ് വളര്‍ത്തുന്നത്. എനിക്ക് സ്പേസ് പാര്‍ക്കില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ശമ്ബളം യു.എ.ഇ കോണ്‍സലേറ്റില്‍ നിന്ന് കിട്ടുമായിരുന്നു. മുഖ്യന്മാരുടെ കൂടെ ഏത് നൈറ്റ് ക്ലബിലാണ് ഞാന്‍ പോയതെന്ന് നിങ്ങള്‍ പറയണം. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ഇവിടുത്തെ വിഷയം ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ വന്ന സ്വര്‍ണമാണ്. അത് കണ്ടുപിടിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും രണ്ട് മക്കളെയും രക്ഷപ്പെടുത്താം. നിങ്ങള്‍ക്ക് ഇപ്പോള്‍ ഭരിക്കുന്ന മന്ത്രിസഭയെ ഒന്നുംചെയ്യാന്‍ സാധിക്കില്ല. അവരാരും എന്റെ പിന്നിലില്ല. ഞങ്ങളെ ആത്മഹത്യ ചെയ്യാന്‍ വിട്ടുകൊടുക്കരുത്. കൊല്ലരുത് ഇങ്ങനെ.