ആദ്യം ഭയപ്പെടുത്തും പിന്നെ കൊതിപ്പിക്കും ഈ കോവിഡ് കായ

ആദ്യം ഭയപ്പെടുത്തും പിന്നെ കൊതിപ്പിക്കും. പറഞ്ഞു വരുന്നത് നമ്മുടെ റംബൂട്ടാനെ കുറിച്ചാണ്. കാഴ്ചയില്‍ കോവിഡ് വൈറസിനോട് സാദൃശ്യമുള്ള റംബൂട്ടാനെയാണ് ആളുകൾ കോവിഡ് കായയെന്ന് അപര നാമം ചെയ്തിരിക്കുന്നത്. വിളവെടുപ്പു കാലമായതോടെ ഉന്തുവണ്ടികള്‍ നിറയെ പഴങ്ങളുമായി കച്ചവടക്കാര്‍ സംസ്ഥാനത്തെ വഴിയോരങ്ങളിൽ നിറഞ്ഞുകഴിഞ്ഞു. ഔഷധഗുണങ്ങള്‍ നിരവധിയുള്ള റംബൂട്ടാന് മലയാളികള്‍ക്കിടയില്‍ വി ഐ പി പരിഗണനയാണുള്ളത്. വിലയിലും അങ്ങനെ തന്നെ. പാകമായ മലേഷ്യന്‍ ബഡ് ഇനത്തിന് ഒരു കിലോക്ക് 280 രൂപയും നാടന് 240 രൂപയുമാണ് വില.

കോട്ടയത്ത് നിന്നുമുള്ള പഴങ്ങളാണ് സംസ്ഥാനത്തുടനീളം വില്പനക്കായുള്ളത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും, ദഹന പ്രക്രിയ എളുപ്പമാക്കും, ചര്‍മകാന്തി വര്‍ധിപ്പിക്കും, കൊളസ്‌ട്രോള്‍ കുറച്ച് കിഡ്‌നിയുടെ ശുദ്ധീകരണം നടപ്പാക്കും, എല്ലുകള്‍ക്കും പല്ലുകള്‍ക്കും ഗുണം ചെയ്യുന്നതിനൊപ്പം ശരീരഭാരവും കുറയ്ക്കും. തീര്‍ന്നില്ല മുള്ളന്‍ പഴമെന്നും വിളിപ്പേരുള്ള റംബൂട്ടാന്‍ അയണിന്റെ കലവറയും കൂടിയാണ്. വിരകളെ നശിപ്പിച്ച് അനീമിയ തടയുന്നതിനാലും പഴത്തിന് ആവശ്യക്കാര്‍ ഏറെയാണ്. വിദേശിയാണെങ്കിലും നമ്മുടെ നാട്ടിലെ കാലാവസ്ഥയും കൃഷിക്ക് അനുകൂലമാണ്.കോട്ടയം, പത്തനംതിട്ട, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലായി കൃഷിയിറക്കുന്നുണ്ട്. മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളില്‍പ്പെട്ട റംബൂട്ടാനാണ് പ്രധാനമായും വിപണിയിലെത്തുന്നത്. കുരു മുളപ്പിച്ചും ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ വാങ്ങിയും കൃഷി ചെയ്യാമെന്ന് കച്ചവടക്കാര്‍ പറയുന്നു. നാട്ടില്‍ വിളയുന്ന പഴത്തിന് താരതമ്യേന വലിപ്പം കുറവാണ്. ഇതില്‍ ആണ്‍മരവും പെണ്‍ മരവുമുണ്ട്. പെണ്‍മരങ്ങളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.