മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കൊവിഡ് ; 8 വൈദികരടക്കം 70 പേര്‍ ക്വാറന്റൈനിൽ

പത്തനംതിട്ടയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുത്ത യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ എട്ട് വൈദികരടക്കം എഴുപതോളം പേര്‍ ക്വാറന്റൈനിലായി. പ്രക്കാനത്ത് ജൂലൈ 9 ന് നടന്ന മാമോദീസ ചടങ്ങില്‍ പങ്കെടുത്ത യുവാവിലാണ്‌ രോഗബാധ കണ്ടെത്തിയത്‌. ഇയാള്‍ ചടങ്ങില്‍ ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. ചടങ്ങ് കഴിഞ്ഞ് പത്താം ദിവസമാണ് യുവാവില്‍ കൊറോണബാധ വ്യക്തമായത്. അതേസമയം പ്രസ്തുത ചടങ്ങില്‍ പങ്കെടുത്ത വൈദികര്‍ 12, 19 തിയ്യതികളില്‍ വിവിധ ദേവാലയങ്ങളില്‍ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ചിലര്‍ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.