പുകവലി പാടേ നിർത്തി, ആ പണം ബാങ്കിലിട്ടു ഈ കോഴിക്കോട്ടുക്കാരൻ സമ്പാദിച്ചത് രണ്ടര ലക്ഷം രൂപ

ഒരു ദിവസം പലരും സിഗരറ്റിനായി ചെലവാക്കുന്നത് നൂറിലധികം രൂപയാണ്. അങ്ങനെ കണക്കുകൂട്ടിയാൽ ഒരു മാസത്തേക്ക് മൂവായിരം രൂപയാകും. ഈ പൈസയെല്ലാം സ്വരുക്കൂട്ടി വെച്ചാൽ ബാങ്ക് അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപ കാണാം. വിശ്വാസമാകുന്നില്ല അല്ലേ… അങ്ങനെ ചെയ്തുകാണിച്ചൊരാൾ ഉണ്ട്.

പുകവലി നിർത്തി രണ്ടര ലക്ഷം രൂപയാണ് കോഴിക്കോട് ഇരിങ്ങാടമ്പള്ളി സ്വദേശി വേണുഗോപാൽ സമ്പാദിച്ചത്. വേണുഗോപാൽ ഓരോ ദിവസവും പുകവലിക്കാനായുള്ള തുക മാറ്റി വച്ച് എഴ് വർഷം കൊണ്ടുണ്ടാക്കിയ സമ്പാദ്യമാണിത് നേരത്തെ ചിന്തിച്ചിരുന്നെങ്കിൽ കോടീശ്വരനാവാമായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. പുകവലിക്കുന്ന പണമുണ്ടേൽ കാറു വാങ്ങാമെന്ന് ട്രോളുകൾക്കുള്ള മറുപടിയാണ് ഈ കോഴിക്കോട്ടുകാരൻ.

മുക്കാൽ പൈസക്ക് ബീഡി കിട്ടുന്ന കാലത്ത് വലി തുടങ്ങിയതാണ് ഇദ്ദേഹം. അതങ്ങനെ 55 കൊല്ലം നീണ്ടു. പിന്നീട് ഒരു അപ്രതീക്ഷിത ആശുപത്രി വാസമാണ് വേണിഗോപാലിനെ മാറ്റി ചിന്തിപ്പിച്ചത്. ആരുടേയും സഹായം ഇല്ലാതെയാണ് പുകവലി അവസാനിപ്പിച്ചത്. ആദ്യത്തെ ഒരാഴ്ച വലിയ പ്രയാസം അനുഭവിച്ചു. എന്നാൽ അവ തരണം ചെയ്തുവെന്നും വേണുഗോപാല്‍ പറയുന്നു.

പുകവലിക്കായി ഉപയോഗിക്കുന്ന തുക എല്ലാ ദിവസവും കൃത്യമായി മാറ്റിവെക്കുകയും മാസാവസാനം ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യും. കോവൂർ ഗ്രാമീൺബാങ്കിലെ മാനേജർ ഇതിന് പ്രചോദനം നൽകുകയും ചെയ്തതോടെ ഈ ശീലം ഏഴരവർഷം നീണ്ടു. സ്വരുക്കൂട്ടിയ തുക വീട് പണിയുമായി ബന്ധപെട്ട ആവശ്യത്തിന് ഉപയോഗിക്കാൻ ഒരുങ്ങുകയാണ് വേണുഗോപാൽ.