September 23, 2021

പാലത്തായി പീഡനം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്.

കണ്ണൂർ: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബിജെപി പ്രവര്‍ത്തകനായ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. തലശ്ശേരി അഡീഷണല്‍ ഡില്ലാ കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോരായ്മകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമം ചുമത്താതെ, പ്രതി കുനിയില്‍ പദ്മരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് വിവാദമായിരുന്നു. പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായകമായ വിധത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടികളുണ്ടായതെന്ന് ആരോപണമുയർന്നു. ആഭ്യന്തര വകുപ്പിനേയും സർക്കാരിനേയും ഈ ദുർബലമായ കുറ്റപത്രം പ്രതിരോഝത്തിലാക്കിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ വകുപ്പുകള്‍ മാത്രം ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.

എഫ്‌ഐഎറിലെ പോക്‌സോ പ്രകാരമുള്ള തെളിവുകള്‍ കണ്ടെത്താന്‍ തുടരന്വേഷണം വേണമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയാണുണ്ടായത്. അതേസമയം കേസില്‍ മാധ്യമവിചാരണ നടക്കുന്നതായി ആരോപിച്ച വാദിഭാഗം ഇത് തടയണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്ന് കോടതി അറിയിച്ചു.