കോർപറേഷൻ കൗൺസിൽ യോഗം ആദ്യമായി ഓൺലൈന്‍ വഴി

കോഴിക്കോട്∙ ചരിത്രത്തിലാദ്യമായി കോർപറേഷൻ കൗൺസിൽ യോഗം ഓൺലൈനിൽ നടത്തുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്നു രാവിലെ പതിനൊന്നിനാണ് കോർപറേഷന്റെ ആദ്യ ഓൺലൈൻ കൗൺസിൽ യോഗം ചേരുക. നഗരസഭയുടെ 154 വർഷത്തെ ചരിത്രത്തിലാദ്യമായാണ് കൗൺസിൽ അംഗങ്ങളും മേയറും നേരിട്ടുകാണാതെ കൗൺസിൽ യോഗം ചേരുന്നത്.

1793 മുതൽ ബ്രിട്ടീഷ് ഭരണത്തിൻകീഴിലായിരുന്ന കോഴിക്കോട് 1866 ജൂലൈ മൂന്നിനാണ് നഗരസഭയായി പ്രഖ്യാപിച്ചത്. 1962 നവംബർ ഒന്നിനാണ് കോർപറേഷൻ പദവി ലഭിച്ചത്. കോവിഡ് കാലത്ത് കോർപറേഷൻ കൗൺസിൽ ഹാളിനുപുറത്തു ടാഗോർ സെന്റിനറി ഹാളിൽവച്ചായിരുന്നു ഈ വർഷത്തെ ബഡ്ജറ്റ് അവതരണം നടത്തിയത്. തുടർന്ന് ടൗൺഹാളിൽ കൗൺസിൽ യോഗവും ചേർന്നിരുന്നു.

എന്നാൽ കോവിഡ് വ്യാപകമായി തുടങ്ങിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ യോഗങ്ങളെല്ലാം ഓൺലൈനായി നടത്തിയാൽ മതിയെന്ന സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമാണ് ഓൺലൈൻ കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി ചെയർമാൻമാർ, സെക്രട്ടറി എന്നിവർ കോർപറേഷൻ ഓഫീസിലിരുന്നും മറ്റു കൗൺസിലർമാർ അതാതിടങ്ങളിലിരുന്നും യോഗത്തിൽ പങ്കെടുക്കും.

എല്ലാ കൗൺസിലർമാർക്കും ഗൂഗിൾ മീറ്റ് ലിങ്ക് നല്കിയിട്ടുണ്ട്. കൗൺസിലർമാർക്കു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനും പ്രതിഷേധം അറിയിക്കാനും അജൻഡയിൽ വോട്ടെടുപ്പിനുമെല്ലാം സൗകര്യമുണ്ടാകും. കൗൺസിൽ നടപടികൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കും.