കോവിഡ് ബാധിതരുമായി പോയ ആംബുലൻസ് ഡ്രൈവർക്ക് അസ്വാസ്ഥ്യം; സഹായവുമായി പൊലീസ്

താമരശ്ശേരി∙ കോവിഡ് ബാധിതരുമായി പോയ ആംബുലൻസിന്റെ ഡ്രൈവർ ക്ഷീണിതനായതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ സഹായത്തിനെത്തി. നടുവണ്ണൂരിൽ നിന്ന് 5 അംഗ കുടുംബവുമായി. എൻഐടി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കു പോയ 108 ആംബുലൻസ് ഡ്രൈവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉച്ചയ്ക്ക് കോടതിക്ക് അടുത്താണു സംഭവം. ആംബുലൻസ് പെട്ടെന്നു നിർത്തി ഇറങ്ങിയ ഡ്രൈവർ വളയം സ്വദേശി അരുൺ തളർച്ചയിലായി. സമീപത്ത് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജിലു സെബാസ്റ്റ്യൻ ഡ്രൈവറെ റോഡരികിലേക്ക് മാറ്റിയ ശേഷം ആംബുലൻസ് റോഡിൽനിന്ന് ഒതുക്കിയിട്ടു. സ്വന്തം സുരക്ഷ പോലും പരിഗണിക്കാതെയാണ് ജിലു സഹായിയായത്.

കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചതോടെ പുതുപ്പാടിയിൽനിന്ന് ആംബുലൻസ് എത്തി കുടുംബത്തെ എൻഐടിയിലേക്ക് കൊണ്ടുപോയി. തളർച്ച മാറിയ ശേഷം മറ്റൊരു ആംബുലൻസിൽ ഡ്രൈവർ നാട്ടിലേക്കു പോയി. അരുണിന് പിപിഇ കിറ്റ് ഏറെ നേരം ധരിച്ചതു മൂലമുള്ള അസ്വസ്ഥതയാണെന്ന് സംശയിക്കുന്നു. താമരശ്ശേരി സ്റ്റേഷനിലെ ഡ്രൈവറായ ജിലു സെബാസ്റ്റ്യൻ കോടതി ആവശ്യത്തിനായി എത്തിയതായിരുന്നു.