ഓണക്കിറ്റിലെ ശർക്കരയിൽ പുകയില ഉൽപന്ന പാക്കറ്റ്

കോഴിക്കോട്∙ റേഷൻ കടയിൽ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം ലഭിച്ച ശർക്കരയിൽ അലിഞ്ഞു ചേർന്ന നിലയിൽ നിരോധിത പുകയില ഉൽപന്നത്തിന്റെ പാക്കറ്റ്. പെരുവയൽ പഞ്ചായത്തിലെ പൂവാട്ടുപറമ്പ് റേഷൻ കടയിൽ നിന്നും നടുവണ്ണൂർ സൗത്ത് 148-ാം നമ്പർ കടയിൽ നിന്നും ലഭിച്ച കിറ്റുകളിലാണ് ഇവ.

പടിഞ്ഞാറെയിൽ ശ്രീധരനാണ് പൂവാട്ടുപറമ്പിലെ കടയിൽ നിന്നു കിറ്റ് വാങ്ങിയത്. കിറ്റ് തുറന്നപ്പോൾ പുകയിലയുടെ ഗന്ധം അനുഭവപ്പെട്ട് പരിശോധിച്ചപ്പോഴാണ് ശർക്കരയിൽ പാക്കറ്റ് കണ്ടെത്തിയത്. പാക്കറ്റിനുള്ളിൽ പുകയിലയുമുണ്ടായിരുന്നു. ഇന്ന് പരാതിനൽകും. നടുവണ്ണൂരിലെ കടയിൽ നിന്നു പുത്തലത്ത് ആലിക്ക് ലഭിച്ച കിറ്റിലായിരുന്നു പാക്കറ്റ്.

ശർക്കര ഉരുക്കുന്നതിനിടെയാണ് കണ്ടെത്തിയത്. കടയിൽ വിവരം അറിയിച്ച ശേഷം ശർക്കര വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ കിറ്റ് വിതരണം നിർത്തിവച്ചു. ഉള്ളിയേരി മാവേലി സ്റ്റോറിൽ നിന്നാണ് കടയിലേക്ക് കിറ്റ് എത്തിച്ചത്. ബാക്കിയുള്ള കിറ്റുകൾ പിൻവലിച്ച് ഇന്ന് പകരം എത്തിക്കുമെന്നും സപ്ലൈകോ കൊയിലാണ്ടി ഡിപ്പോ മാനേജർ പറഞ്ഞു.