റിയയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മുംബൈ: മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷയില്‍ പ്രത്യേക കോടതി വിധി നാളെ പ്രഖ്യാപിക്കും. വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കോടതി വിധി പ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി. ബി) നിര്‍ബന്ധിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ജാമ്യാപേക്ഷയില്‍ റിയ ആരോപിച്ചത്.
വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് തന്നെ മൂന്നുദിവസം ചോദ്യം ചെയ്തതെന്നും ആരോപിച്ചു. റിയയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ലെന്നും എന്‍ ഡി പി എസ് നിയമപ്രകാരം ചുമത്തിയ വകുപ്പുകള്‍ പ്രതിയുടെ ജാമ്യം തടയുന്നതല്ലെന്നും റിയയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
കാമുകനായിരുന്ന സുശാന്ത് സിങ് രാജ്പുത്തിനു വേണ്ടി മയക്കുമരുന്ന് സംഘടിപ്പിക്കുകയും അതിനു വേണ്ടി സാമ്പത്തിക ഇടപാട് നടത്തുകയും ചെയ്തു എന്നാണ് എന്‍ സി ബി യുടെ ആരോപണം. എന്നാല്‍, റിയ സംഘടിപ്പിച്ചതായി പറയുന്ന മയക്കുമരുന്നിന് അളവോ അതിനുവേണ്ടി ചിലവിട്ട പണത്തിന്റെ കണക്കോ എത്ര എന്ന് എന്‍.സി.ബി വ്യക്തമാക്കുന്നില്ല. നിലവില്‍ നിരവധി പേരില്‍ നിന്നും വധ, ബലാല്‍സംഗ ഭീഷണികള്‍ നേരിടുന്ന റിയയെ ജയിലില്‍ പാര്‍പ്പിക്കുന്നത് സുരക്ഷിതമല്ലെന്നും അഭിഭാഷകന് കോടതിയില്‍ ചൂണ്ടികാട്ടി.