ഉദ്യോഗസ്ഥർക്ക് കോവിഡ്; പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ അടച്ചു

പുല്പള്ളി: നാലു വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇലക്ട്രിക് കവലയിലുള്ള പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ താത്കാലികമായി അടച്ചു. ചെതലയം ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിലായിരിക്കും വരും ദിവസങ്ങളിൽ പുല്പള്ളി സ്റ്റേഷന്റെ പ്രവർത്തനമെന്ന് റെയ്ഞ്ച് ഓഫീസർ ടി. ശശികുമാർ പറഞ്ഞു.

ഇലക്ട്രിക് കവലയിൽ സ്ഥിതിചെയ്യുന്ന കടയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ച 100 പേർക്ക് ആന്റിജൻ പരിശോധന നടത്തിയത്. നാലു വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ചു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചാമത്തെയാൾ കേളക്കവല സ്വദേശിയാണ്. ഇദ്ദേഹം കഴിഞ്ഞദിവസം ടൗണിലെ അനശ്വര ജങ്ഷന് സമീപത്തുള്ള നഴ്‌സിങ് ഹോമിലെത്തിയതായി സംശയിക്കുന്നുണ്ട്. പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാരടക്കമുള്ള 24 പേർക്ക് നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി.