വസ്തു രജിസ്ട്രേഷൻ ലളിതമാകുന്നു; ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും വസ്തു രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും വസ്തു ഇനി രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ വസ്തു എവിടെയാണോ അതിന്റെ പരിധിയില്‍ വരുന്ന ഓഫീസില്‍ മാത്രമാണ് രജിസ്റ്റർ ചെയ്യാന്‍ അനുമതിയുള്ളത്. ഇതിന് മാറ്റം വരുത്തിയാണ് വസ്തു ഇടപാട് സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നീക്കം.

ജില്ലാ രജിസ്ട്രാര്‍ക്ക് ആ ജില്ലയിലെ ഏത് ആധാരവും രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുണ്ട്‌. ഇനി മുതല്‍ ആ അധികാരം സബ് രജിസ്ട്രാര്‍മാര്‍ക്കും ലഭിക്കും.

ഇതിലൂടെ ഒരു ജില്ലയിലെ ഏത് സ്ഥലത്തുള്ള വസ്തുവും ആ ജില്ലയിലെ ഏത് രജിസ്ട്രാര്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യാം. വില്‍ക്കുന്ന ആളിനും വാങ്ങുന്ന ആളിനും സൗകര്യപ്രദമായ സബ് രജിസ്ട്രാര്‍ ഓഫീസ് തെരഞ്ഞെടുക്കാം, കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കാം, ഒരിടത്ത് പ്രാദേശിക അവധിയാണെങ്കില്‍ മറ്റൊരിടത്ത് സേവനം ലഭിക്കും എന്നിവയാണ് പുതിയ മാറ്റത്തിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍. ഈ മാറ്റത്തിലൂടെ മികച്ച സേവനം നല്‍കുന്നതില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരമുണ്ടാവുമെന്നും, കൈക്കൂലി കുറയുമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തൽ.

കോവിഡിന്റെ സാഹചര്യത്തില്‍ ഏതെങ്കിലും സ്ഥലത്തെ ഓഫീസ് അടഞ്ഞ് കിടന്നാലും രജിസ്‌ട്രേഷന്‍ മുടങ്ങില്ല.
പുതിയ പരിഷ്‌കാരത്തിന് നിയമ വകുപ്പിന്റെ അനുമതി ലഭിച്ചു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ആഴ്ച ഉത്തരവിറങ്ങും. 2013ല്‍ ആന്ധ്രാ പ്രദേശില്‍ സമാനമായ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.