24 മണിക്കൂറിനിടയില്‍ ഇന്ത്യയില്‍ 92,071 കൊവിഡ് രോഗികള്‍; 1136 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ക്ക് ശമനമില്ല. ആകെ കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിനും ആകെ കൊവിഡ് മരണം 80,000 അടുക്കുകയാണ്. 24 മണിക്കൂറിനിടെ 92,071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1136 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 48,46,427 ആയി. ആകെ കൊവിഡ് മരണം 79,722 ആയി. 37,80,107 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് ഇതോടെ 77.99 ശതമാനമായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഏറ്റവുമധികം രോഗികളുളള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. 416 മരണമാണ് ഇന്നലെ ഇവിടെയുണ്ടായത്. ഇതോടെ ആകെ 29,531 മരണമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടിലും ഇന്നലെ 74 പേര്‍ മരണമടഞ്ഞു. ഇതോടെ 8381 പേര്‍ ഇവിടെ മരണമടഞ്ഞു. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 104 പേരാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 7265 ആയി. ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളും മുഖ്യമായും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവിടെ രോഗ പ്രതിരോധത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നും മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊവിഡ് പരിശോധന, സമ്ബര്‍ക്കം കണ്ടെത്തല്‍, പരിശോധന, ഹോം ഐസൊലേഷന്‍, കണ്ടെയിന്‍മെന്റ്, ആംബുലന്‍സ്, ആശുപത്രി കിടക്കകള്‍, ഓക്സിജന്‍, ചികിത്സാ പ്രോട്ടോകോള്‍ എന്നിവയില്‍ ശ്രദ്ധ വേണ്ടത്ര നല്‍കാനും നിര്‍ദ്ദേശമുണ്ട്. പലവിധ മാര്‍ഗങ്ങള്‍ കേന്ദ്രവും സംസ്ഥാനങ്ങളും സ്വീകരിച്ചിട്ടും പ്രതിദിന രോഗ നിരക്ക് ഒരു ലക്ഷത്തിന് അടുത്ത് എത്തി നില്‍ക്കുന്നതാണ് ഇതിന് കാരണം.

മഹാരാഷ്ട്രയില്‍ 22,543 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 10,60,308 ആയി. ആന്ധ്രയില്‍ 5,67,123 പേര്‍ക്കും കര്‍ണാടകയില്‍ 4,59,445 പേര്‍ക്കും ആകെ രോഗം സ്ഥിരീകരിച്ചു.