September 15, 2020

വിലക്കു നീങ്ങിയതോടെ ശ്രീശാന്തിന്റെ ശ്രമം വിദേശ ലീഗിലേക്ക്

കൊച്ചി. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡുമടക്കമുള്ള രാജ്യങ്ങളില്‍ ലീഗ് കളിക്കാനുള്ള സാധ്യത തേടുകയാണെന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. വിലക്കു നീങ്ങിയതോടെ വിദേശത്തു കളിക്കാന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണു താരം.

രാജ്യത്തെ ക്രിക്കറ്റ് ടീമുകളിലേക്കുള്ള സിലക്ഷനു തയാറാണെന്നും വിലക്കു നീങ്ങിയതോടെ മത്സരങ്ങള്‍ക്കു സജ്ജമാണെന്നും’ അറിയിച്ചു ശ്രീശാന്ത് ബിസിസിഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സന്ദേശമയച്ചിട്ടുണ്ട്. ‘കളിക്കാരുടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ സ്ഥിതിക്ക് അതിനുള്ള അനുമതിയും തേടിയിട്ടുണ്ട്’ – വിലക്കു നീങ്ങിയശേഷമുള്ള ആദ്യ ദിനമായ ഇന്നലെ ശ്രീശാന്ത് ‘മനോരമ’യോടു പറഞ്ഞു.

രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാന്‍ ഇത്തവണ ഡിസംബര്‍-ജനുവരി എങ്കിലുമാകും. അതുവരെ കളിക്കാതിരിക്കാനാകില്ല.’ – താരം പറഞ്ഞു. ഫിറ്റ്‌നസ് തെളിയിച്ചാല്‍ രഞ്ജി ടീമില്‍ ഇടം ലഭിക്കുമെന്നു കെസിഎ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിനു പുറമേ ചെന്നൈ ലീഗില്‍കളിക്കാനും പദ്ധതിയുണ്ട്. മദ്രാസ് ക്രിക്കറ്റ് ക്ലബ് അടക്കമുള്ള ഏതാനും ക്ലബ്ബുകളില്‍നിന്ന് ഓഫറുമുണ്ട്.