കരിപ്പൂരില്‍ നിന്നും തട്ടിക്കൊണ്ടു പോയ യുവാവ് വീട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ യുവാവ് വീട്ടില്‍ തിരിച്ചെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ രാത്രി കരിപ്പൂരില്‍ വിമാനമിറങ്ങിയ റിയാസിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് രാവിലെ പതിനൊന്നരയോടെ ഇയാള്‍ കുറ്റ്യാടിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന.

അബുദാബിയില്‍ നിന്നും ഇന്നലെ രാത്രിയാണ് റിയാസ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. കക്കാടം പൊയിലിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും വരുത്തിയ ടാക്സി കാറിലാണ് റിയാസ് യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ കൊണ്ടോട്ടി കാളോത്ത് വച്ചാണ് മൂന്നു കാറുകളിലായി എത്തിയ സംഘം റിയാസിനെ ടാക്സി കാര്‍ തടഞ്ഞു നിര്‍ത്തി പിടിച്ചിറക്കികൊണ്ടുപോയത്.

ടാക്സി ഡ്രൈവര്‍ അഷറഫാണ് വിവരം കൊണ്ടോട്ടി പൊലീസില്‍ അറിയിച്ചത്. പത്തു പേരുണ്ടായിരുന്നു സംഘത്തിലെന്നും ഡ്രൈവര്‍ പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്.