ജിസാനില്‍ റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിച്ച് അഞ്ചു സാധാരണക്കാര്‍ക്ക് പരിക്ക്

ജിദ്ദ: സൗദിയിലെ അതിര്‍ത്തി നഗരങ്ങള്‍ ലക്ഷ്യമാക്കി ഹൂഥി കലാപകാരികള്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുന്നു. സൗദിയുടെ യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാന്‍ പ്രവിശ്യയില്‍ പെടുന്ന അല്‍ഹര്‍ഥ് പ്രദേശത്താണ് ഹൂഥികളുടെ ഒടുവിലത്തെ ആക്രമണം ഉണ്ടായത്. യമനില്‍ നിന്ന് ഇറാന് പിന്തുണയുള്ള ഹൂഥി സായുധ കലാപകാരികള്‍ തൊടുത്തുവിട്ട ബോമ്ബ് പതിച്ച് ചില്ലറ നാശനഷ്ടങ്ങള്‍ ഉണ്ടായി. ജിസാന്‍ പ്രവിശ്യാ സിവില്‍ ഡിഫന്‍സ് വിഭാഗം ഔദ്യോഗിക വാക്താവ് കേണല്‍ മുഹമ്മദ് യഹ്യാ അല്‍ഗാമിദി ശനിയാഴ്ച വൈകീട്ട് അറിയിച്ചതാണ് ഇക്കാര്യം.
ബോംബ് അവശിഷ്ടങ്ങള്‍ ഏറ്റ് സാധാരണക്കാരായ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരുടെ പരിക്കുകള്‍ സാരമുള്ളവയല്ലെന്നും ഔദ്യോഗിക വാക്താവ് വെളിപ്പെടുത്തി. ഇതോടൊപ്പം, മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. അന്താരാഷ്ട്ര സുരക്ഷയുള്ള ഒരു സിവിലിയന്‍ കേന്ദ്രത്തിന്റെ മുന്‍വശത്തും ചില്ലറ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇറാന് നല്കുന്ന രാഷ്ട്രീയ, സായുധ പിന്തുണയോടെ സായുധ അട്ടിമറി നടത്തിയ ഹൂഥികള്‍ തുടര്‍ന്ന് കലാപവും അയല്‍ അറബ് രാജ്യമായ സൗദിയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും നിര്‍ബാധം നടത്തുകയാണ്. ഇതിനെതിരെയുള്ള നീക്കങ്ങളാണ് സൗദി, യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അറബ് സഖ്യസേന യമനില്‍ സൈനിക നടപടികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.
ഇറാന് നല്കുന്ന സഹായത്തോടെ ഹൂഥികള്‍ സൗദിയിലേക്ക് നിരവധി ഡ്രോണ്‍, ബാലിസ്റ്റിക് ആക്രമണങ്ങളാണ് നടത്തിയത്. അവയെല്ലാം സൗദിയുടെ പ്രതിരോധ സംവിധാനത്തിലും അറബ് സഖ്യസേനയുടെ നടപടിയിലും മുട്ടി ലക്ഷ്യം കാണാതെ നിലം പൊത്തുകയായിരുന്നു . എന്നാല്‍, ഹൂഥികള്‍ നടത്തുന്ന അതിക്രമങ്ങള്‍ സ്റ്റോക്ഹോം ഉടമ്ബടിയുടെ നഗ്നമായ ലംഘനമാണെന്ന് അറബ് സഖ്യസേന ചൂണ്ടിക്കാണിച്ചിട്ടുണ്ട്.