അറിയാം തുളസിയുടെ ഔഷധ ഗുണങ്ങള്‍

 

നമ്മുടെ വീടുകളില്‍ സുലഭമായി കണ്ടുവരുന്ന ഒരു സസ്യമാണ് തുളസി. തുളസിയുടെ ഗുണങ്ങള്‍ കൊണ്ട് തന്നെ ഔഷധ സസ്യങ്ങളുടെ രാജ്ഞി എന്നാണ് തുളസി അറിയപ്പെടുന്നത്. രണ്ടുതരത്തിലാണ് പ്രധാനമായും തുളസിച്ചെടി കണ്ടുവരുന്നത്. കരിനീലത്തണ്ടും കരിഞ്ഞനീല കലര്‍ന്ന പച്ച ഇലകളുമുള്ള കൃഷ്ണതുളസിയും വെള്ളകലര്‍ന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള രാമതുളസിയും. ഈ രണ്ടിനം തുളസിയിലും എല്ലാ ഔഷധഗുണങ്ങളും കണ്ടുവരുന്നു. ആന്റി ബാക്ടീരിയലായി നമ്മുടെ ശാസ്ത്രലോകം പണ്ടേ അംഗീകരിച്ചതാണെങ്കിലും ആന്റി ഓക്സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, എന്നീഗുണങ്ങളും കൂടാതെ കാന്‍സറിനെ പ്രതിരോധിക്കുകയെന്ന ഗുണവും തുളസിച്ചെടിക്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. തുളസിയില്‍ കര്‍പ്പൂരത്തോട് സാമ്യമുള്ള ബാസില്‍ കാംഫര്‍ എന്ന തൈലം അടങ്ങിയിരിക്കുന്നു.

ആയിരക്കണക്കിന് കൊല്ലം മുമ്പുതന്നെ ആയുര്‍വേദ ഭിഷഗ്വരന്മാര്‍ക്ക് തുളസിച്ചെടിയിലെ അമൂല്യമായ ഔഷധങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഉഷ്ണവീര്യമുള്ള തുളസിയെക്കറിച്ച് വേദങ്ങളിലും പുരാണങ്ങളിലും ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. പ്രാണികളെയും കീടങ്ങളെയും അകറ്റാനുള്ള മരുന്നായും തുളസി ഉപയോഗിച്ചുവരുന്നു. ലിനോലിക് ആസിഡ്.റോസ് മാരിനിക് ആസിഡ്, ഇഗുനോള്‍, കര്‍വാക്കോള്‍, ലിനാലോള്‍, കാരിയോഫൈലിന്‍ തുടങ്ങിയ രാസവസ്തുക്കളടങ്ങിയിരിക്കുന്നു.

തൊണ്ടവേദന, ചുമ, ഉദരരോഗങ്ങള്‍, എന്നിവയ്ക്ക് മികച്ച മരുന്നുകള്‍ തുളസിയില്‍ നിന്ന് ഉണ്ടാക്കുന്നുണ്ട്. ത്വക്രോഗങ്ങള്‍, കൃമിശല്യം, ജ്വരം എന്നിവയ്ക്ക് മരുന്നായും തുളസിനീര് ഉപയോഗിക്കുന്നു. ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് തുളസിയില ഉണക്കിപ്പൊടിച്ചത് നസ്യം ചെയ്താല്‍ മതി. പത്തുമില്ലി തുളസിനീര് സമം തേനില്‍ച്ചേര്‍ത്ത് കുടിക്കുക ശ്വാസസംബന്ധമായ രോഗങ്ങള്‍ സുഖപ്പെടാന്‍ സ്ഥിരമായി തുളസിയില ചവച്ചിറക്കുക .ത്വക്കുരോഗം പിടിപെട്ടാല്‍ ആ ഭാഗത്ത് തുളസിയില നീര് പുരട്ടുക നല്ലഉറക്കം കിട്ടാത്തവര്‍ തുളസിയില അരച്ച് നെറ്റിയിലിട്ടാല്‍ നല്ല ഉറക്കം കിട്ടും.തുളസിയിലയിട്ട വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്.