ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സി ബി ഐ റെയ്ഡ്

 

ബംഗളൂരു: കര്‍ണാടക പി സി സി അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെയും സഹോദരന്‍ ഡി കെ സുരേഷിന്റെയും വീടുകളിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തുന്നു. 14 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കനകപുരിയിലെ ശിവകുമാറിന്റെ വസതിയില്‍ ഇന്ന് രാവിലെയാണ് സി ബി ഐ റെയ്ഡിനെത്തിയത്. ഇതേസമയം തന്നെയായിരുന്നു ഡി കെ സുരേഷിന്റെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും റെയ്ഡ് ആരംഭിച്ചത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളിലാണ് റെയ്ഡ് എന്നാണ് വിവരം.

കളളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ വിവരങ്ങള്‍ സി ബി ഐയ്ക്ക് കൈമാറിയിരുന്നു. ഈ വിവരങ്ങള്‍ വച്ചാണ് സി ബി ഐ കേസ് രജിസ്റ്റര്‍ചെയ്തത്. നികുതി വെട്ടിപ്പ്, ഹവാല ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇ ഡി അദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു.

അതേസമയം റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബി ജെ പി നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.