ബീച്ച് ആശുപത്രി കൊവിഡ് വാര്‍ഡില്‍ വെള്ളമില്ലെന്ന് പരാതി;പരാതി ലഭിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്, വെള്ളമില്ലെങ്കില്‍ ഉടന്‍ എത്തിക്കുമെന്നും അധികൃതര്‍

 

കോഴിക്കോട്:് ബീച്ച് ആശുപത്രിയിലെ ഭക്ഷണത്തിന് ഗുണവും രുചിയുമില്ലെന്ന ആരോപണത്തിന് പിന്നാലെ വെള്ളത്തിനും ക്ഷാമമുണ്ടെന്ന് പരാതി. സിവില്‍ സ്റ്റേഷന് സമീപം താമസിക്കുന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ 73 വയസ് പ്രായമുള്ള മാതാവ് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. പ്രായമുള്ളവര്‍ക്കായുള്ള പ്രത്യേക വാര്‍ഡിലാണ് വെള്ളമില്ലാത്തത്. കൈകഴുകാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ഇവിടെ വെള്ളമില്ലെന്നാണ് ഇവരുടെ പരാതി.
എന്നാല്‍ വെള്ളം ലഭിക്കാത്ത വിഷയം സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഉമര്‍ ഫാറൂഖ് അറിയിച്ചു. ഇന്നലെ രാത്രി വരെ വാര്‍ഡുകളില്‍ വെള്ളം എത്തുന്നുണ്ട്. വെള്ളമില്ലെന്നത് സംബന്ധിച്ച് ഉടന്‍ അന്വേഷിക്കുമെന്നും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ചതായും സൂപ്രണ്ട് അറിയിച്ചു. പലപ്പോഴും ഭക്ഷണം തികയതാത്ത സാഹചര്യമാണുള്ളതെന്നും കൃത്യമായ അളവില്‍ ഭക്ഷണം ലഭിക്കാറില്ലെന്നുമായിരുന്നു രോഗികളുടെ ആരോപണം. നാലു ചപ്പാത്തി, നാല് ഇഡ്ഡലി എന്നീ രീതിയിലാണ് ഭക്ഷണ ക്രമം. എന്നാല്‍ പലപ്പോഴും മൂന്നണ്ണം മാത്രമാണ് ലഭിക്കാറുള്ളതെന്നായിരുന്നു പരാതി. ഈ പരാതികളെല്ലാം പരിഹരിച്ചതായാണ് പറയുന്നത്.