ഫറോക്ക് ടിപ്പു കോട്ടയില്‍ പുരാവസ്തു വകുപ്പ് സര്‍വ്വേ തുടങ്ങി

ഫറോക്ക് ടിപ്പു കോട്ടയില്‍ പുരാവസ്തുവകുപ്പ് വെള്ളിയാഴ്ച മുതല്‍ പര്യവേക്ഷണ സര്‍വേ നടപടികള്‍ക്ക് തുടക്കമിട്ടു.ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായാണ് സര്‍വ്വേ നടന്നത്.കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഉദ്യോഗസ്ഥനും പുരാവസ്തുവകുപ്പ് മലബാര്‍ സര്‍വേ ഫീല്‍ഡ് അസിസ്റ്റന്റുമായ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വേനടപടികള്‍ തുടങ്ങിയത്.

സംരക്ഷിതസ്മാരകത്തിലെ ചരിത്രവസ്തുക്കള്‍ കേടുവരാതെ സംരക്ഷിക്കാനും കോട്ടയിലെ 5.61 ഏക്കര്‍ ഭൂമിയിലെ ഉദ്ഖനന സാധ്യത പരിശോധിച്ച് പര്യവേക്ഷണം നടത്താനുമുള്ള അനുമതിയാണ് പുരാവസ്തുവകുപ്പിന് കോടതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുരാവസ്തുവകുപ്പ് സംഘം കോട്ടയില്‍ എത്തിയത്.

1991 നവംബര്‍ ആറിനാണ് അന്നത്തെ സര്‍ക്കാര്‍ ഫറോക്കിലെ ടിപ്പു കോട്ടയെ സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ചത് . ടിപ്പുവിന്റെ കാലത്ത് സൈനിക ആവശ്യങ്ങള്‍ക്കായിരുന്നു കോട്ട ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു.

ഉയര്‍ന്ന പ്രദേശമായതിനാല്‍ ചാലിയാര്‍ പുഴയിലൂടെ വരുന്ന ശത്രുനീക്കം വളരെ പെട്ടെന്ന് കോട്ടയില്‍നിന്ന് ഗ്രഹിച്ചെടുക്കാന്‍ പറ്റുന്നതിനാല്‍ തന്ത്രപ്രധാനമായ സ്ഥലത്തുതന്നെയാണ് കോട്ട നിര്‍മിച്ചത്. പടികളോടുകൂടിയ വലിയ കിണറായിരുന്നു കോട്ടയിലെ പ്രധാന ആകര്‍ഷണം. ഇത് ചാലിയം മുല്ലമേല്‍ കോട്ടയിലേക്കുള്ള തുരങ്കവുമായി ബന്ധമുണ്ടെന്ന് പഴമക്കാര്‍ പറയുന്നുണ്ട്. ഫറോക്ക് കള്‍ച്ചറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഫറോക്കിലെ ടിപ്പു കോട്ടയും അനുബന്ധസ്മാരകവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയത്.