പെരിയ ഇരട്ടക്കൊലപാതക കേസ്; സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള ഹരജി തള്ളി

ന്യൂഡല്‍ഹി: പെരിയ ഇരട്ട കൊലക്കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐയ്ക്ക് അടിയന്തിരമായി കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാത്തത് കൊണ്ട് അന്വേഷണത്തില്‍ കാര്യമായ പുരോഗതി നേടാന്‍ കഴിഞ്ഞില്ല എന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു
പെരിയ ഇരട്ട കൊലപാതക കേസില്‍ 2019 ഒക്ടോബറില്‍ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി സി ബി ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്ക് പിന്നാലെ ആയിരുന്നു അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗം ആയി ശരത്ത്ലാലിന്റെയും കൃപേഷിന്റേയും കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ല.
കേസ് ഡയറി നല്‍കണം എന്ന് ആവശ്യപ്പെട്ട് ഡി വൈ എസ് പി, എസ് പി, ഡി ഐ ജി, ഡി ജി പി വരെയുള്ള ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും ലഭിച്ചില്ല. അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകണം എങ്കില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കേണ്ടത് ഉണ്ടെന്നും തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഒരു മണിക്കൂര്‍ നീണ്ടു നിന്ന വാദത്തിന് ശേഷം ആണ് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. സംസ്ഥാന സര്‍ക്കാരിന്റെ വാദത്തോട് യോജിക്കാന്‍ കഴിയുന്നില്ല എന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു ഹര്‍ജി തള്ളി കൊണ്ട് വ്യക്തമാക്കി.