ഒരു ഗ്ലാസ് നാരങ്ങവെള്ളം കുടിച്ച് ദിവസം ആരംഭിച്ചു നോക്കൂ, നിങ്ങളുടെ ശരീരത്തിലെ മാറ്റം തിരിച്ചറിയാം.

S

 

നിങ്ങളുടെ ദിവസം ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ആരംഭിക്കണമെന്ന് പല വിദഗ്ധരും ഡയറ്റീഷ്യന്‍മാരും ഒരുപോലെ പറയുന്നുണ്ട്. എന്നാല്‍ രാവിലെ ഒരു ഗ്ലാസ് നാരങ്ങവെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിച്ചു നോക്കൂ. വെള്ളത്തിനു പകരം നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജമാണ് ഒരു ഗ്ലാസ് നാരങ്ങവെള്ളം നല്‍കുക. കുറച്ച് നാരങ്ങ നീര് ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് രാവിലെ കുടിക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുക.

വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍, ഫോളേറ്റ്, കാല്‍സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയതാണ നാരങ്ങ. അതുകൊണ്ടുതന്നെ പച്ചവെള്ളത്തെക്കാള്‍ ഊര്‍ജ്ജം നല്‍കും രാവിലെ ഒരു ഗ്ലാസ് നാരങ്ങവെള്ളം കുടിച്ചാല്‍. ഇതിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കും. ഇത് മാത്രമല്ല, ശരീരഭാരം കുറയ്ക്കല്‍, കരള്‍ മെച്ചപ്പെടുത്തല്‍, സൗന്ദര്യം വര്‍ധിപ്പിക്കല്‍ അങ്ങനെ പല ആരോഗ്യഗുണങ്ങള്‍ നാരങ്ങ നല്‍കുന്നുണ്ട്. ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങ നീര് കലക്കി കുടിക്കുന്നത് ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമായ നാരങ്ങ നീര് ശരീരത്തെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, നാരങ്ങ നീര് അണുബാധകളെ ചെറുക്കാന്‍ വളരെ അധികം സഹായിക്കുന്നു. ഒപ്പം നിങ്ങളുടെ ദഹനവ്യവസ്ഥയെ ഈ പാനീയം മെച്ചപ്പെടുത്തുന്നു. രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് മലശോധന മെച്ചപ്പെടുത്തുകയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു, അതുവഴി കരള്‍ രോഗങ്ങളെയും തടയുന്നു. വിഷവസ്തുക്കളെ പുറന്തള്ളുന്നതിനായി നാരങ്ങ കൂടുതല്‍ എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കുകയും നിങ്ങളുടെ കരളിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ നിരവധി ഗുണങ്ങളാണ് നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ സഹായിക്കുക.

വിഷാംശം നീക്കുന്നു

നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് നാരങ്ങാവെള്ളം ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ദിവസവും ഈ രീതി തുടരുന്നതിലൂടെ ശരീരം വിഷമുക്തമാകാന്‍ നിങ്ങളെ സഹായിക്കും. ഒപ്പം ശരീരഭാരം കുറയ്ക്കുന്നു, ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കുന്നു.

ചര്‍മ്മത്തിന് ഗുണങ്ങള്‍

നാരങ്ങ വെള്ളത്തിലെ വിറ്റാമിന്‍ സി ചര്‍മ്മത്തെ ആന്തരികമായി പുനരുജ്ജീവിപ്പിക്കുകയും പുറമെ തിളക്കം നല്‍കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാവുന്നത് തടയുന്നു.ആന്റിഏജിംഗ് ഗുണങ്ങളുള്ള ഒരു ശക്തമായ ആന്റിഓക്സിഡന്റാണ് വിറ്റാമിന്‍ സി. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുകയും എല്ലായ്പ്പോഴും നിങ്ങളുടെ ചര്‍മ്മം മികച്ചതായി നിലനിര്‍ത്തുകയും ചെയ്യും.

വായ്നാറ്റം നീക്കുന്നു

ചിലരുടെ എറ്റവും വലിയ പ്രശ്‌നമാണ് വായ്‌നാറ്റം. ഇത് ദിവസവും കൂടെത്തന്നെ തുടരുന്ന അവസ്ഥയാണുള്ളത്. അതില്‍ നിന്ന് മാറ്റമുണ്ടാക്കാന്‍ നാരങ്ങാവെള്ളം സഹായിക്കുന്നു. നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ വായില്‍ ഉമിനീര്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുകയും വായ വരളുന്നത് തടയുകയും അതുവഴി വായ്നാറ്റത്തെ നീക്കുകയും ചെയ്യുന്നു.

തടി കുറയ്ക്കാന്‍

ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇളം ചൂടുവെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് ചേര്‍ത്തു കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും നാരങ്ങാവെള്ളം സഹായിക്കുന്നു.