January 17, 2021

ഓസീസിന് 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

ബ്രിസ്‌ബേന്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസീസിന് 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369നെതിരെ ബാറ്റേന്തിയ ഇന്ത്യ 336 റണ്‍സിനാണ് പുറത്തായത്. ഷാര്‍ദുല്‍ താക്കൂര്‍ (67), വാഷിംഗ്ടണ്‍ സുന്ദര്‍ (62) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ചേതേശ്വര്‍ പൂജാര (25), അജിന്‍ക്യ രഹാനെ (37), മായങ്ക് അഗര്‍വാള്‍ (38), ഋഷഭ് പന്ത് (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസീസിന് വേണ്ടി ജോഷ് ഹേസല്‍വുഡ് അഞ്ച് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും എടുത്തു.

മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസ് മൂന്നാം ദിനം സ്റ്റംപെടുക്കുമ്ബോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍ (20), മാര്‍കസ് ഹാരിസ് (1) എന്നിവരാണ് ക്രീസില്‍. മൊത്തത്തില്‍ 54 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്.