നെല്ലിക്ക കഴിച്ചാലുള്ള അഞ്ച് ഔഷധഗുണങ്ങള്‍

നമ്മളില്‍ പലരും ദിവസവും നെല്ലിക്ക കഴിക്കുന്നവരാണ്. പച്ച നെല്ലിക്കയായും, അച്ചാറായും, ഉപ്പിലിട്ട നെല്ലിക്കയായും നിരവധി രൂപത്തില്‍ നെല്ലിക്ക നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നെല്ലിക്ക കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമ്മളില്‍ പലര്‍ക്കുമറിയില്ല. പോഷക ഗുണങ്ങളാല്‍ സമൃദ്ധമാണ് നെല്ലിക്കയെന്നാണ് പല പഠനങ്ങളും പറയുന്നത്. മനുഷ്യ ശരീരത്തിന് ഏറ്റവും അത്യന്താപേഷിതമായ വിറ്റാമിന്‍ സിയാണ് നെല്ലിക്കയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്.

ഇംഗ്ലീഷില്‍ ഇന്‍ഡ്യന്‍ ഗൂസ്‌ബെറി എന്ന് അറിയുന്ന നെല്ലിക്കയെ അയണ്‍,സിങ്ക്, വിറ്റാമിന്‍ ബി എന്നിവയും ഇതിനെ പോഷക സമൃദ്ധമാക്കുന്നു.സംസ്‌കൃതത്തില്‍ അമ്ലക,അമ്ലകി, അമ്ല എന്നും കന്നഡയിലും, തമിഴിലും, മലയാളത്തിലും നെല്ലിക്ക എന്നും അറിയപ്പെടുന്നു. കായ്കളുണ്ടായിക്കഴിഞ്ഞ് ജനുവരിയോടെ ഇല പൊഴിക്കുന്ന ഇവ ജൂണ്‍-ജൂലായ് മാസത്തോടെ തളിര്‍ത്ത് പൂത്തു തുടങ്ങും. രാജസ്ഥാനില്‍ ജനുവരിയിലും കായ്കള്‍ ഉണ്ടാവും.

നെല്ലിക്കയുടെ ചില ഔഷധ ഗുണങ്ങളെക്കുറിച്ചറിയാം:

1.ഹൈപ്പര്‍ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂര്‍ണം പശുവിന്‍ നെയ്യില്‍ കലര്‍ത്തി കഴിച്ചാല്‍ ഹൈപ്പര്‍ അസിഡിറ്റിക്ക് ശമനം ലഭിക്കും.

2. നെല്ലിക്ക അരിക്കാടിയില്‍ ചേര്‍ത്ത് അടിവയറ്റില്‍ പുരട്ടിയാല്‍ മൂത്രതടസ്സം മാറികിട്ടും.

3. മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയില്‍ കാച്ചി തലയില്‍ തേച്ചുകുളിച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. അകാലനരയെ പ്രതിരോധിക്കുവാനും ഇത് നല്ലതാണ്.

4. ഉണങ്ങിയ നെല്ലിക്കത്തോട് പൊടിച്ച് ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം തലയില്‍ തേച്ചുകുളിക്കുന്നത് തലയിലെ ചര്‍മ രോഗങ്ങളെ തടയും. മാത്രവുമല്ല മുടിക്ക് നല്ല അഴകും ലഭിക്കും.

5.നെല്ലിക്ക, മുന്തിരി എന്നിവ ചേര്‍ത്തരച്ച് കഴിച്ചാല്‍ രുചിയില്ലായ്മ മാറികിട്ടും.