കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ അറിയാതെ പോകരുത്..

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യത്തിനുമായി ഏറെ ഗുണം ചെയ്യുന്ന ‘കറ്റാര്‍വാഴ’, ഒരു അത്ഭുത സസ്യം തന്നെയാണെന്ന് തീര്‍ത്ത് പറയേണ്ടി വരും. അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ‘കറ്റാര്‍വാഴ’ ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കാനും മുടിയുടെ വളര്‍ച്ചയ്ക്കും ,ചര്‍മ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം ഉത്തമമാണ്. കറ്റാര്‍വാഴയുടെ നീരിന് വളരെ വിപുലമായ തരത്തിലുള്ള ഗുണങ്ങള്‍ ഉള്ളതിനാല്‍ എരിയുന്ന സസ്യം, പ്രമേഹ ശുശ്രൂഷച്ചെടി എന്നിങ്ങനെയും വിശേഷിപ്പിക്കുന്നു. കറ്റാര്‍വാഴയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….
കറ്റാര്‍വാഴ കൊണ്ട് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം
കറ്റാര്‍വാഴയുടെ നീര്
മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ കറ്റാര്‍വാഴയുടെ നീരുപയോഗിക്കുന്നത് സര്‍വ്വസാധാരണമായിക്കഴിഞ്ഞു. കറ്റാര്‍വാഴയില്‍ നിന്ന് ശേഖരിച്ച നീര് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. തുടര്‍ന്ന് ഒന്നോ രണ്ടോ മിനിട്ട് നന്നായി മസ്സാജ് ചെയ്യാം. മുപ്പത് മിനിട്ടുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ മുഖവും കഴുത്തും കഴുകി വൃത്തിയാക്കാം.മുഖത്തിന് നല്ല നിറം നല്കാന് കറ്റാര്‍വാഴയുടെ നീര് അല്പം പനിനീരില്‍ ചേര്‍ത്ത് പുരട്ടാം. കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളില്‍ തേക്കുന്നത് ഒഴിവാക്കി മുഖത്തും കഴുത്തിലും ഈ മിശ്രിതം തേക്കാം. 20 മിനിട്ടുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
കണ്‍തടത്തിലെ കറുപ്പ് നിറം മാറാന്‍
കണ്ണുകള്‍ക്ക് കട്ടുമുള്ള കറുപ്പ് നിറം ഇല്ലാതാക്കുന്നതിനും കറ്റാര്‍വാഴ ഉപയോഗിച്ച് പരിഹാരമുണ്ട്. അല്പം കറ്റാര്‍വാഴ ജെല്‍ ഒരു മസ്ലിന് തുണിയില്‍ പൊതിഞ്ഞ ശേഷം കണ് തടത്തിലും കണ്‍പോളകളിലും വെച്ച് കൊടുക്കുക.
മുഖത്ത് നിന്ന് മേയ്ക്കപ്പ് തുടച്ച് മാറ്റാനും കറ്റാര്‍വാഴ ജെല്‍ ഏറെ നല്ലതാണ്. ഒരു പഞ്ഞിയില്‍ അല്പം ജെല്‍ തേയ്ച്ച് തുടച്ചാല്‍ മുഖം ക്ലീനാകും.
മുഖത്തെ കരുവാളിപ്പ് മാറ്റാന്‍
സൂര്യതാപമേറ്റ ചര്‍മ്മത്തെ സംരക്ഷിക്കാനും കറ്റാര്‍വാഴ മതി. ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരില്‍ അര സ്പൂണ്‍ കസ്തൂരി മഞ്ഞള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 – 20 മിനിട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താല്‍ മുഖത്തെ കരുവാളിപ്പ് മാറും. സൂര്യതാപമേറ്റ് ശരീരത്തില്‍ ഉണ്ടാകുന്ന കരുവാളിപ്പ് മാറാനും ഈ വിദ്യ മതി
സ്ട്രെച്ച് മാര്‍ക്കുകള്‍ നീക്കാന്‍
ശരീര ഭാരം വര്‍ധിക്കുന്ന അവസരത്തില്‍ ചര്‍മ്മത്തിലെ പുറം പാളി വലിയുന്നത് മൂലം സ്ട്രെച്ച് മാര്‍ക്കുകള്‍ ധാരാളമായി വരാം. ഈ രീതിയില്‍ വയറിലും തുടകളിലും കാണപ്പെടുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍ നീക്കാന്‍ ചെയ്യാന്‍ കറ്റാര്‍വാഴ ഉപയോഗിച്ച് കലാപ്രദമായ മാര്‍ഗ്ഗമുണ്ട്. എല്ലാ ദിവസവും അല്പം കറ്റാര്‍വാഴ നീര് കൊണ്ട് സ്ട്രെച്ച് മാര്‍ക്കുകള്‍ ഉള്ള തലങ്ങളില്‍ നന്നായി മസ്സാജ് ചെയ്ത കൊടുക്കുക. ക്രമേണ ഈ സ്ട്രെച്ച് മാര്‍ക്കുകളുടെ നിറം മങ്ങി വരുന്നതായി കാണാം
മുടിയുടെ സംരക്ഷണത്തിന് കറ്റാര്‍വാഴ
മുടി കൊഴിച്ചില്‍ തടയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ നീര് മുട്ടയുടെ വെള്ളയില്‍ ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. കറ്റാര്‍വാഴ നീര് മാത്രമായി തലയോട്ടിയില്‍ പുരട്ടുന്നത് മുടി വളരാന്‍ സഹായിക്കും. നാച്വറല്‍ മോയിസ്ചറൈസറായി പ്രവര്‍ത്തിക്കുന്നത് വഴി മുടിയുടെ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്താനും കഴിയും.
താരന് അകറ്റാന്‍ കറ്റാര്‍വാഴ
താരന്റെ ശല്യം അമിതമായി ഉള്ളവര്‍ക്ക് കറ്റാര്‍വാഴ നീര് ഫലപ്രദമായി ഉപയോഗിക്കാം. കറ്റാര്‍വാഴയുടെ ജെല്‍, തൈര്, അല്പം ചെറുനാരങ്ങാ നീര് എന്നിവ നന്നായി യോജിപ്പിച്ച ശേഷം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകാം.