ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനലിന്റെ പുതിയ തിയതി പ്രഖ്യാപിച്ചു

 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ പുതിയ തിയതി പ്രഖ്യാപിച്ചു. ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഫൈനല്‍. നേരത്തെ ജൂണ്‍ 10 മുതല്‍ 14 വരെയാണ് ഫൈനലിനായി നിശ്ചയിച്ചിരുന്നത്. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് തന്നെയാണ് ഫൈനല്‍ വേദി. 23 റിസര്‍വ് ദിനമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക. പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് നിലവില്‍ ഒന്നാംസ്ഥാനത്ത്. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍.

ആകെ പോയിന്റിനെക്കാള്‍ പോയിന്റ് ശരാശരിയാണ് പട്ടികയിലെ സ്ഥാനക്കാരെ നിശ്ചയിക്കുന്നത്. 71.7 പോയിന്റ് ശതമാനമാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കുള്ളത്. രണ്ടാമതുളള് ന്യൂസിലാന്റിന് 70 പോയിന്റ് ശതമാനവും മൂന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് 69.2 പോയിന്റ് ശതമാനവുമാണ് ഉള്ളത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് ജയിച്ചതാണ് പോയിന്റ് ടേബിളിലെ കുതിപ്പിന് ഇന്ത്യയെ തുണച്ചത്. ഫെബ്രുവരി 5 ന് തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളായിരിക്കും ഇന്ത്യക്ക് ഇനി ഏറെ നിര്‍ണായകമാവുക.