ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിക്കണമെന്ന് ഇപ്പോഴും തനിക്ക് ആഗ്രഹമുണ്ട്;ചേതേശ്വര്‍ പൂജാര

 

ചെന്നൈ: ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിക്കണമെന്ന് ഇപ്പോഴും തനിക്ക് ആഗ്രഹമുണ്ടെന്ന് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര. ഏകദിന ടീമില്‍ കളിക്കാന്‍ തനിക്ക് താത്പര്യമുണ്ടോ എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്ന് പൂജാര പറഞ്ഞു.

നിലവില്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് പൂജാര കളിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് താരത്തില്‍ കാര്യമായ മാച്ച് പ്രാക്ടീസ് ലഭിച്ചിരുന്നില്ല.

‘ടീം ഇന്ത്യയ്ക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കണമെന്ന ആഗ്രഹം ഇപ്പോഴും എനിക്കുണ്ട്, അതില്‍ യാതൊരു സംശയവുമില്ല. അതേ സമയം മറ്റ് കളിക്കാര്‍ക്ക് മാച്ച് പ്രാക്ടീസ് ലഭിക്കുമ്പോള്‍ തന്നെ എനിക്കത് കിട്ടാതെ പോകുന്നത് ബുദ്ധിമുട്ടാണ്ടാക്കുന്നുണ്ട്. ലോക്ക്ഡൗണിന് ശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് എനിക്ക് മാച്ച് പ്രാക്ടീസ് ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ആ വലിയ പരമ്പരയ്ക്കായി തയ്യാറെടുക്കാന്‍ ബുദ്ധിമുട്ടി. കോവിഡ് ഇല്ലായിരുന്നുവെങ്കില്‍ കുറച്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളെങ്കിലും എനിക്ക് കളിക്കാന്‍ ഉണ്ടാകുമായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഒരു പരിശീലന മത്സരം മാത്രമാണ് ഞാന്‍ കളിച്ചത്. അതിനാല്‍ തന്നെ ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയ്ക്ക് താളം കണ്ടെത്താനും മനസ് ഏകാഗ്രമാക്കാനും ഏറെ ബുദ്ധിമുട്ടി.” പൂജാര പറഞ്ഞു.