ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ സ്വര്‍ണം സ്വന്തമാക്കി ദ്യുതി ചന്ദ്

 

പട്യാല: ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ വനിതാതാരം ദ്യുതി ചന്ദ്. പട്യാലയിലെ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ വെച്ചുനടന്ന 100 മീറ്റര്‍ ഓട്ടത്തിലാണ് ദ്യുതി ചന്ദ് ഒഡിഷയ്ക്ക് വേണ്ടി സ്വര്‍ണം സ്വന്തമാക്കിയത്. 11.51 സെക്കന്‍ഡിലാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്. കര്‍ണാടകയുടെ ടി ദാനേശ്വരി രണ്ടാമതും മഹാരാഷ്ട്രയുടെ ഡിയാന്‍ഡ്ര ഡ്യൂഡ്ലി മൂന്നാമതുമെത്തി.

ഈ വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദ്യുതി ചന്ദ്. എന്നാല്‍ 100 മീറ്റര്‍ 11.15 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതു കൊണ്ട് ഒളിമ്പിക്സിന് യോഗ്യത നേടാന്‍ താരത്തിന് കഴിഞ്ഞില്ല. കേരളത്തിന്റെ മുഹമ്മദ് അനസ് യാഹിയ 100 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 400 മീറ്റര്‍ താരമായ അനസ് മികച്ച പ്രകടനമാണ് 100 മീറ്ററില്‍ കാഴ്ചവെച്ചത്. 10.70 സെക്കന്‍ഡില്‍ അനസ് 100 മീറ്റര്‍ പൂര്‍ത്തിയാക്കി. മഹാരാഷ്ട്രയുടെ കൃഷ്ണകുമാര്‍ സതീഷ് റാണെ മത്സരത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.