റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. കൊവിഡ് രണ്ടാം തരംഗം ഉയര്‍ത്തിയ രൂക്ഷമായ സാമ്ബത്തികപ്രതിസന്ധികള്‍ക്കിടയിലാണ് ആര്‍ബിഐയുടെ പുതിയ വായ്പാ നയപ്രഖ്യാപനം. റീപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചില്ല. നിലവില്‍ നാലുശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റമില്ലാതെ 3.35 ശതമാനമായി തുടരും. വാണിജ്യബാങ്കുകള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. റിവേഴ്‌സ് റിപ്പോ നിരക്ക് ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്ന നിരക്കാണ്.

ആര്‍ബിഐയുടെ പുതിയ നടപടി വായ്പയെടുത്തവര്‍ക്ക് ആശ്വാസമായപ്പോള്‍ നിക്ഷേപകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അതേസമയം, വളര്‍ച്ചാനിരക്കില്‍ ചെറിയ കുറവുണ്ടാവുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നടപ്പ് സാമ്ബത്തിക വര്‍ഷം 9.5 ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. 10.5 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു കഴിഞ്ഞ ധന അവലോകന യോഗത്തില്‍ പ്രതീക്ഷിച്ചിരുന്നത്. വളര്‍ച്ചയുണ്ടാവാനാവശ്യമായ നടപടികള്‍ തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചു.

2021-22 സാമ്ബത്തിക വര്‍ഷത്തെ പണപ്പെരുപ്പ നിരക്ക് 5.1 ശതമാനമായിരിക്കും. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ പദ്ധതി തുടരുമെന്നും മൊണിറ്ററി പോളിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. 50 കോടി രൂപവരെ വായ്പയെടുത്തവര്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്പാ പരിധി. കാര്‍ഷിക മേഖലയില്‍ 3.6 ശതമാനം വളര്‍ച്ചയുണ്ടായി. സേവന മേഖലയില്‍ 8.4 ശതമാനവും വ്യാവസായിക മേഖലയില്‍ 7 ശതമാനവും ചുരുങ്ങി.

രാജ്യത്തെ വിദേശനാണ്യ കരുതല്‍ ധനം 2.865 ബില്യണ്‍ ഡോളറില്‍നിന്ന് 592.894 ബില്യണ്‍ ഡോളറിലെത്തിയതായി ഗവര്‍ണര്‍ പറഞ്ഞു. കാര്‍ഷിക മേഖലയുടെ പുനരുദ്ധരിക്കല്‍ ആഭ്യന്തര സമ്ബദ്‌വ്യവസ്ഥയെ സഹായിക്കുമെന്ന് ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു. റിപ്പോ നിരക്ക് 4 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ധനനയ സമിതി ഏകകണ്ഠമായി വോട്ടുചെയ്യുകയായിരുന്നു. കൊവിഡ് രണ്ടാം തരംഗത്തില്‍ സാമ്ബത്തികമായി തകര്‍ന്ന സംസ്ഥാനങ്ങളെ സഹായിക്കാന്‍ നയപരമായ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്നുമാസങ്ങളെ അപേക്ഷിച്ച്‌ ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയാണ് ഇന്ത്യയുടെ വാര്‍ഷിക സാമ്ബത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ന്നത്. എന്നാല്‍, കഴിഞ്ഞമാസം രാജ്യത്ത് രണ്ടാം തരംഗം വലിയ തോതില്‍ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തില്‍ ജൂണ്‍ പാദത്തില്‍ സാമ്ബത്തിക വിദഗ്ധര്‍ സാമ്ബത്തികരംഗത്ത് കൂടുതല്‍ തകര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.