ലോക്ക് ഡൗണില്‍ നാളെ മാത്രം പ്രത്യേക ഇളവ്; നാളത്തെ ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണില്‍ നാളെ മാത്രം കൂടുതല്‍ ഇളവുകള്‍ നല്‍കും. നിലവിലെ ഇളവുകള്‍ക്കു പുറമേയാണിത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളുണ്ടാകും.

സ്‌റ്റേഷ‍നറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വില്‍ക്കുന്ന കടകള്‍ക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും തുറക്കാം. സമയം രാവിലെ 7 മുതല്‍ വൈകിട്ട്‌ 7 വരെ.

വാഹന ഷോറൂമുകളില്‍ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ മെയിന്റനന്‍സ്‌ ജോലിയാകാം. മറ്റു പ്രവര്‍ത്തനങ്ങളും വില്‍പനയും പറ്റില്ല. നിര്‍മാണ മേഖലയിലുള്ള സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്/ രേഖ കാട്ടി യാത്ര ചെയ്യാം.

ബാങ്കുകള്‍ളും ധനകാര്യ സ്ഥാപനങ്ങളും നാളെ പ്രവര്‍ത്തിക്കും. അതേസമയം ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാകും. ഈ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ പോയി പാഴ്സല്‍ വാങ്ങാന്‍ അനുവദിക്കില്ല; ഹോം ഡെലിവറി മാത്രം.

കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ വരും ദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും 16 ശേഷമേ ആരംഭിക്കൂ.