September 23, 2021

മുട്ടില്‍ മരംമുറിക്കേസ്; രേഖകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് കോടതി നിര്‍ദേശം

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. കോടതി രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി.

നിയമപരമായ നടപടികള്‍ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടി. വനംവകുപ്പില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. സ്വകാര്യ വ്യക്തികളില്‍ നിന്നാണ് തടികള്‍ വാങ്ങിയതെന്നും പ്രതികള്‍ വ്യക്തമാക്കി. റവന്യൂ-വനം വകുപ്പുകള്‍ തമ്മില്‍ ഉള്ള പോരില്‍ ബലിയാടാവുകയായിരുന്നുവെന്നും പ്രതികള്‍ ബോധിപ്പിച്ചു.

അതേസമയം, മുട്ടില്‍ മരം മുറി കേസില്‍ ആരോപണ വിധേയരായവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. മരം മുറിയുമായി ബന്ധപ്പെട്ട് ആകെയുള്ള 43 കേസുകളില്‍ 37 ലും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചവര്‍ പ്രതികളാണെന്നും ഒരു കേസില്‍ ഹര്‍ജിക്കാരന് എതിരെ വാറന്റുണ്ടെന്നും സര്‍ക്കാരിന് വേണ്ടി പ്രൊസിക്യുഷന്‍ വാദിച്ചു.