കോടഞ്ചേരി ചൂരമുണ്ടയിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

 

 

ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ കിണാശ്ശേരി, തച്ചറക്കൽ വീട്ടിൽ അൻസാർ മുഹമ്മദിന്റെ മൃതദേഹം കിട്ടി.പുലിക്കയത്തിന് അടുത്ത്, പുളിക്കൽ കടവ് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടു കിട്ടിയത്.

കുന്നമംഗലത്ത് നിന്ന് വന്ന ഇർഷാദ്, ഭാര്യ ആയിഷ നിഷില, അൻസാർ, അജ്മൽ എന്നിവർ രണ്ട് ബൈക്കുകളിലായാണ് സ്‌ഥലത്തെത്തിയത്. ഇന്നലെ വൈകിട്ട് ചൂരമുണ്ടയിൽ ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവർ വെള്ളത്തിൽ ഇറങ്ങിയപ്പോൾ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ഒഴുക്കിൽപെട്ടു പോവുകയായിരുന്നു.

ആയിഷ നിഷിലയും, അൻസാറും ഒഴുക്കിൽപ്പെട്ടു. നീന്തി രക്ഷപ്പെട്ട മറ്റ് രണ്ട് പേർ പരിസരവാസികളെ വിവരം അറിയിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്‌. ഐ മാരായ പി. ആർ വിജയൻ, രമേശ്‌ ബാബു, സി.പി.ഒ.മാരായ ഷനിൽ കുമാർ, വിനോദ് സി. ജി, ജിനേഷ് കുര്യൻ, താമരശ്ശേരി തഹസീൽദാർ സുബൈർ, കോടഞ്ചേരി വില്ലജ് ഓഫീസർ റിയാസ്, സന്നദ്ധ പ്രവർത്തകരായ രാഹുൽ ബ്രിഗേഡ്, എന്റെ മുക്കം സന്നദ്ധ സേന, സ്വാന്തനം ഓമശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വാർഡ് മെമ്പർമാർ സമീപവാസികളായ നാട്ടുകാർ എന്നിവരാണ് തിരച്ചിൽ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ഒഴുക്കിൽപെട്ട് കാണാതായ പെരുമണ്ണ സ്വദേശിനി പുതിയോട്ടിൽ വീട്ടിൽ ആയിഷ നിഷിലയുടെ (21) മൃതദേഹം ഇന്നലെ തെക്കേകരോട്ട്കാരുടെ വീടിനു പുറകിൽ നിന്ന് കണ്ടെത്തിയിരുന്നു.