ഫറോക്ക് കോമൺവെൽത്ത് ടൈൽ കമ്പനി മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു

ഫറോക്കിലെ കോമൺവെൽത്ത് ടൈൽ കമ്പനിയും സമീപ കെട്ടിടങ്ങളും പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു.
വർഷങ്ങളുടെ പഴക്കവും സംസ്ക്കാരവും പ്രൗഢിയുമുള്ള കമ്പനിയുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും വിനോദസഞ്ചാര സാധ്യതകൾ പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായാണ് സന്ദർശനം നടത്തിയത്.

ബേപ്പൂർ ടൂറിസം പദ്ധതിയുടെ ഭാഗമായി കോമൺവെൽത്ത് ടൈൽ കമ്പനിയും പരിസരവും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണിക്കും. ടൂറിസത്തിന് അനന്ത സാധ്യതകളുള്ള പ്രദേശമാണ് ഇവിടം. സഞ്ചാരികളെ ആകർഷിക്കും വിധമുള്ള നിർമ്മിതികളും കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്.

സന്ദർശനവേളയിൽ തൊഴിലാളികളുമായും മന്ത്രി സംവദിച്ചു. ആർക്കിടെക്ട് വിനോദ് സിറിയക്, കോമൺവെൽത്ത് ടൈൽ കമ്പനി മാനേജർ പി.കെ ശ്രീകുമാർ എന്നിവർ സന്നിഹിതരായി.