September 23, 2021

പ്ലസ് ടു പരീക്ഷാ ഫലം നാളെ;ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക

 

 

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ (ബുധന്‍) പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇരുപരീക്ഷകളുടെയും മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി. പരീക്ഷാ ബോര്‍ഡ് യോഗം കഴിഞ്ഞു. കോവിഡും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഫലം പൂര്‍ത്തിയാക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന.

തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്‌കൂളുകളില്‍ നിന്നും ചെയ്തത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കി. പ്രാക്ടിക്കല്‍ പരീക്ഷയുടെ മൂല്യനിര്‍ണയവും അതിലെ ടാബുലേഷനും മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ക്കും വേണ്ട സമയം മാത്രമാണ് എടുത്തത്. ജൂലൈ 15 ഓടോ പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചതിന് സഹാകമായത് ഇതാണ്.

ഇത്തവണ പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,46,471 കുട്ടികള്‍ റെഗുലര്‍ സ്ട്രീമിലും 990 വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെണ്‍കുട്ടികളും 2,06,566 ആണ്‍കുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.