ടോക്കിയോ ഒളിമ്പിക്‌സ്: ഗുസ്‌തിയില്‍ ബജ്‌റംഗ് പൂനിയ സെമിയില്‍

 

 

ഗുസ്‌തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ സെമിയില്‍. പുരുഷന്‍മാരുടെ 65 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ക്വാര്‍ട്ടറില്‍ ഇറാന്‍ താരം മൊര്‍ത്തേസയെ മലര്‍ത്തിയടിച്ചാണ് മുന്നേറ്റം. അസര്‍ബൈജാന്‍റെ ഹാജി അലിയേവിനെയാണ് സെമിയില്‍ ബജ്‌റംഗ് നേരിടുക. അതേസമയം വനിതകളുടെ 50 ഫ്രീസ്റ്റൈലില്‍ സീമ ബിസ്‌ല ടുണീഷ്യന്‍ താരം സാറ ഹംദിയോട് പരാജയപ്പെട്ടു.

ഇന്ന് രാവിലെ നടന്ന വനിതാ വിഭാഗം ഹോക്കിയിലെ വെങ്കല പോരാട്ടത്തില്‍ ബ്രിട്ടനോട് ഇന്ത്യ കടുത്ത മത്സരത്തിനൊടുവില്‍ തോല്‍വി വഴങ്ങി. വിസ്‌മയ തിരിച്ചുവരവിനൊടുവില്‍ ബ്രിട്ടനോട് 3-4നാണ് ടീം കീഴടങ്ങിയത്. എങ്കിലും ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിംഗാണ് ഇന്ത്യന്‍ വനിതകളുടേത്. പുരുഷ ഹോക്കിയില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ച് ഇന്ത്യന്‍ ടീം ഇന്നലെ വെങ്കല മെഡല്‍ അണിഞ്ഞിരുന്നു.