December 6, 2021

സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന കിറ്റില്‍ കുടുംബശ്രീയുടെ ശര്‍ക്കരവരട്ടിയും ഉപ്പേരിയും

 

 

ഓണക്കാലത്തെ ആശ്വാസ കിറ്റില്‍ അതിജീവനത്തിന്റെ എരിവും മധുരവും വിളമ്പി കുടുംബശ്രീ.കോഴിക്കോട് ജില്ലയിലെ സപ്ലൈകോ ഡിപ്പോയില്‍ നിന്നുമാത്രം 4,50,800 പായ്ക്കറ്റുകളുടെ ഓര്‍ഡറുകള്‍ കുടുബശ്രീക്ക് ലഭിക്കുകയും,യൂണിറ്റുകള്‍ അത് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

ഏത്തക്കായ അരിയുന്നത് മുതല്‍ വറുത്തുപ്പേരിയും ശര്‍ക്കര വരട്ടിയും തയ്യാറാക്കി പാക്ക് ചെയ്യുന്നത് വരെയുള്ള ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് ഓരോ യൂണിറ്റിലേയും നിര്‍മ്മാണം. ഒരു ദിവസം പാചകത്തിനായി ഉപയോഗിച്ച എണ്ണ അടുത്ത ദിവസങ്ങളില്‍ ഉപയോഗിക്കില്ല. ഓരോ യൂണിറ്റുകളിലും സി ഡി എസ് ചെയര്‍പേഴ്സണ്‍മാരുടേയും സപ്ലൈകോ അധികൃതരുടേയും പരിശോധനയുണ്ടാകും.

സപ്ലൈകോയുടെ ജില്ലയിലെ നാല് ഡിപ്പോകളിലേക്കായി പേരാമ്പ്ര, വടകര, കൊയിലാണ്ടി, തൂണേരി, എടച്ചേരി എന്നിവിടങ്ങളില്‍ നിന്നും കൊടുവള്ളിയിലെ രണ്ട് യൂണിറ്റുമടക്കം മൊത്തം ഏഴ് യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങളാണ് പാക്കറ്റുകള്‍ തയ്യാറാക്കുന്നത്. നൂറ് ഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് നിര്‍മ്മാണം. ഓരോ പായ്ക്കറ്റിനും നികുതി കിഴിച്ച് 26 രൂപ കുടുംബശ്രീ സംരംഭകര്‍ക്ക് ലഭിക്കും. സപ്ലൈകോയില്‍ ഉത്പന്നം എത്തിച്ചു കഴിഞ്ഞാല്‍ രണ്ടാഴ്ചക്കകമാണ് പണം ലഭിക്കുക.

ലഭിച്ച ഓര്‍ഡറുകളില്‍ മുഴുവന്‍ കുടുംബശ്രീ പൂര്‍ത്തീകരിച്ച് കഴിഞ്ഞെന്ന് കുടുംബശ്രീ ജില്ലാതല മാര്‍ക്കറ്റിംഗ് മാനേജര്‍ എ നീതു പറഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ തന്നെ ഉത്പാദിപ്പിച്ച ഏത്തക്കായകളും പുറമെ മറ്റു കര്‍ഷകരില്‍ നിന്ന് ശേഖരിച്ചവയുമാണ് നിര്‍മ്മാണത്തിനായി മുഖ്യമായും സംഭരിച്ചത്. കര്‍ഷകരില്‍ നിന്നും വേണ്ടത്ര ഏത്തക്ക സംഭരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാത്രമാണ് പൊതു വിപണിയെ ആശ്രയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ ഇടപെടല്‍ കൊവിഡില്‍ പ്രതിസന്ധിയിലായിരുന്ന കുടുംബശ്രീ സംരഭകര്‍ക്ക് വലിയ ആശ്വാസമാവുകയാണ്.