കനത്തമഴയെ തുടര്‍ന്നു സാമ്പത്തിക പ്രതിസന്ധിയിലായി ജില്ലയിലെ കര്‍ഷകര്‍

 

 

കാര്‍ഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷക കുടുംബങ്ങളാണു തുടര്‍ച്ചയായുള്ള മഴയെ തുടര്‍ന്നു ദുരിതത്തിലായത്. ഇടവിട്ട് പെയ്യുന്ന മഴയില്‍ വയലുകളിലും പച്ചക്കറിതോട്ടങ്ങളിലുമടക്കം പുഴവെള്ളം കയറി വന്‍ കൃഷി നാശമാണ് ഉണ്ടായത്. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടി നിന്ന് വാഴയും നെല്ലുമടക്കം നശിക്കുകയാണ്. വിലയിടിവും രോഗബാധയും മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്കു മഴ മൂലം വിളവെടുപ്പുപോലും നടത്താന്‍ കഴിയാത്തത് ഇവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.

ഏക്കറു കണക്കിന് സ്ഥലങ്ങളിൽ കൃഷി ചെയ്തിരുന്ന വെള്ളരി കൈപ്പ പടവലം തുടങ്ങി നിരവധി കൃഷിയാണ് നശിച്ചത്. പലരും ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് കൃഷി തുടങ്ങിയത് ഇത് തിരിച്ചടക്കാന്‍ ഇനിയാതൊരു മാര്‍ഗ്ഗവുമില്ല.
പുഴവെള്ളം കയറി ഈ ഭാഗങ്ങളില്‍ ഏക്കറുകണക്കിന് നെല്‍ കൃഷിയും നശിച്ചിട്ടുണ്ട്.

റബര്‍, തെങ്ങ്, കമുക് എന്നിവ വൃഷി ചെയ്യുന്ന മലയോര കര്‍ഷകരും സമാന അവസ്ഥയിലാണ്. മഴയെ തുടര്‍ന്ന് ടാപ്പിങ് നിലച്ചിട്ടു ദിവസങ്ങളായി. അടയ്ക്ക, തേങ്ങ എന്നിവ വിളവെടുത്താല്‍ മഴയായതിനാല്‍ കര്‍ഷകര്‍ക്ക് ഉണക്കാന്‍ പോലും സാധിക്കുന്നില്ല. അമിത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന രോഗബാധയും കര്‍ഷകര്‍ക്കു തിരിച്ചടിയാകുന്നു. ഇതോടെ കാര്‍ഷിക വിളകളില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും നിലച്ച സ്ഥിതിയിലാണ്.കാര്‍ഷിക വിളകളുടെ വിലക്കുറവും വര്‍ധിച്ചു വരുന്ന കൃഷി ചെലവും താങ്ങാനാവാതെ പല കര്‍ഷകരും മറ്റ് ജോലികളിലേക്ക് തിരിയുകയാണ്.