സ്വര്‍ണക്കടത്ത് യുഎപിഎ കേസില്‍ സ്വപ്നയ്ക്ക് ജാമ്യം; ജയിലില്‍നിന്ന് പുറത്തിറങ്ങാനാവും

സ്വര്‍ണക്കടത്ത് കേസില്‍ ഒരു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. നയതന്ത്ര ബാഗിലൂടെയുടെയുളള സ്വര്‍ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയടക്കം ഏഴു പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വപ്ന സുരേഷ് , പി.ആര്.സരിത്, റമീസ്, ജലാല്‍, റബിന്‍സ്, ഷറഫുദീന്‍, മുഹമ്മദാലി എന്നിവരുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് വിനോദ് ചന്ദ്രന് അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ജാമ്യാപേക്ഷ അംഗീകരിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇവരില്‍ സ്വപ്ന സുരേഷിന് മാത്രമേ ജയിലില്‍ നിന്നും പുറത്തു പോകാനാവൂ. മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തും കോഫോപോസെ പ്രകാരമുള്ള തടവ് കാലാവധി പൂര്‍ത്തിയാവാത്തതുമാണ് മറ്റു പ്രതികളുടെ ജയില്‍ മോചനത്തിന് തടസ്സമാവുക. സ്വപ്നയ്ക്ക് നേരത്തെ ഇഡിയുടേയും കസ്റ്റംസിന്റേയും കേസുകളില്‍ സ്വപ്നയ്ക്ക് ജാമ്യം നല്‍കിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്‍ഐഎ കേസില്‍ മാത്രമാണ് സ്വപ്നയ്ക്ക് ജാമ്യം കിട്ടാനുണ്ടായിരുന്നത്. ഇപ്പോള്‍ ആ കേസില്‍ കൂടി ജാമ്യം കിട്ടിയതോടെ സ്വപ്നയുടെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങും. കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ കോഫോപോസെ കാലാവധി കുറച്ചുദിവസങ്ങള്‍ കൂടി ബാക്കിയുണ്ട്. മറ്റുള്ള പ്രതികള്‍ക്കും കോഫോപോസെയില്‍ കുറച്ചു ദിവസം കൂടി ജയിലില്‍ തുടരേണ്ടി വരും. ഇതിനു ശേഷമേ പുറത്തിറങ്ങാനാവൂ.
അതേസമയം ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കി സ്വപ്നയ്ക്ക് ജയിലില്‍ നിന്നുമിറങ്ങാന്‍ സമയമെടുക്കും. എന്‍ഐഎ കേസ് കൂടാതെ കസ്റ്റംസ്, ഇഡി കേസുകളിലെ ജാമ്യവ്യവസ്ഥകളും കൂടി പൂര്‍ത്തിയാക്കി മാത്രമേ സ്വപ്നയ്ക്ക് ജയില്‍ വിടാനാവൂ. ഹൈക്കോടതി ഉത്തരവിന്റെ വിശദമായ പകര്‍പ്പ് കിട്ടിയാല്‍ മാത്രമേ എന്‍ഐഎ കേസിലെ ജാമ്യവ്യവസ്ഥ വ്യക്തമാവൂ. കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂര്‍ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്. സാമ്പത്തിക തീവ്രവാദത്തിന്റെ ഭാഗമാണ് സ്വര്‍ണക്കടത്തെന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ എന്‍ഐഎ വാദിച്ചത്. എന്നാല്‍ സ്വര്‍ണക്കടത്തിലൂടെ തീവ്രവാദ പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരിച്ചു എന്ന് തെളിയിക്കാനുള്ള എന്ത് തെളിവാണ് പ്രതികള്‍ക്കെതിരായി ഉള്ളത് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ അട്ടിമറിക്കാനുള്ള ഏത് ശ്രമമവും തീവ്രവാദമായി കാണണമെന്നായിരുന്നു എന്‍ഐഎയുടെ വാദം. എന്നാല്‍ വാദം തള്ളിയാണ് ഇപ്പോള്‍ പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയത്.