സാമൂഹിക അടുക്കള; കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

 

 

രാജ്യത്തെ പട്ടിണി അകറ്റാൻ സാമൂഹിക അടുക്കളകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എന്ത് പദ്ധതിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. സാമൂഹിക അടുക്കളകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് 3 ആഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

അതാത് സാമൂഹിക അടുക്കളകൾ സംബന്ധിച്ച് സംസ്ഥാനങ്ങൾ നൽകിയ വിവരങ്ങൾ രേഖപ്പെടുത്തുക മാത്രമാണ് കേന്ദ്രം ചെയ്തത്. ആരും പട്ടിണി കിടന്ന് മരിക്കാതിരിക്കാൻ ഭരണഘടനാപരമായ കടമ ഒരു ക്ഷേമരാഷ്ട്രത്തിന് ഉണ്ട്. കമ്മ്യൂണിറ്റി കിച്ചണുകളുടെ കാര്യത്തിൽ നയം രൂപീകരിക്കാനുള്ള അവസാന അവസരമാണിതെന്നും സുപ്രീംകോടതി പറഞ്ഞു.

കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുഭരണ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. പ്രിൻസിപ്പൽ സെക്രട്ടറിയാണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു.