കാലാവസ്ഥ അനുകൂലം; ശബരിമലയിലെ നിയന്ത്രണം നീക്കി, സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി

 

 

കാലാവസ്ഥാ അനുകൂലമായതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി. സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി. കനത്ത മഴയിൽ പമ്പ ത്രിവേണി കരകവിഞ്ഞതോടെ ശബരിമല തീർത്ഥാടനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു ഭക്തർക്ക് നിലയ്ക്കലും പത്തനംതിട്ടയിലും തങ്ങാൻ സൗകര്യവും ഒരുക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുകൂലമായതോടെ വിലക്ക് നീക്കുകയായിരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പാ നദിയുടെയും കക്കാട്ടാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. ശബരിമല തീർഥാടകർ പമ്പാ നദിയിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും മഴ തുടരും. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതൽ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. ഒരു ഷട്ടർകൂടി ആറ് മണിക്ക് ഉയർത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. 2399.88  അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ നിലവിലെ തുറന്ന ഷട്ടർ കൂടുതൽ ഉയർത്തിയേക്കും. 40 സെന്‍റിമീറ്ററില്‍ നിന്നും 80 ആക്കും.