മുല്ലപ്പെരിയാര്‍ വിഷയം പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി; ഹർജി ഡിസംബർ 10ന് പരിഗണിക്കും

 

 

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവച്ചു . വിഷയം സുപ്രിംകോടതി ഡിസംബർ 10 ന് വീണ്ടും പരിഗണിക്കും. അടിയന്തിര ഉത്തരവ് ഇപ്പോൾ ആവശ്യമില്ലെന്ന കേരളത്തിന്റെ നിലപാട് കോടതി രേഖപ്പെടുത്തി. ഡിസംബർ 10 ന് മുമ്പ് കക്ഷികൾക്ക് സത്യവാങ്മൂലം സമർപ്പിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. പെരിയാർ പ്രൊട്ടക്ഷൻ മൂവ്മെന്റിന്റെ ഹർജിയിൽ നോട്ടിസ് അയയ്ക്കാനാകില്ല. പ്രധാനകേസ്‌ പരിഗണിക്കുമ്പോൾ ഹർജിക്കാരന് വാദം പറയാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരം നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി ജലനിരപ്പായ 142 അടി വെള്ളം സംഭരിക്കാം. ഇന്നലെ മുതലാണ് പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നത്. ഇതിനെതിരെ കേരളം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജസ്റ്റിസ് എം എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് പൊതുതാത്പര്യ ഹര്‍ജികൾ പരിഗണിച്ചത്.

അതേസമയം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തുറന്ന മുല്ലപ്പെരിയാർ ഡാം പൂർണമായും അടച്ചു. ഇന്ന് രാവിലെ എട്ട് മണിക്കാണ് തുറന്ന ഒരു ഷട്ടർ അടച്ചത്. 141 അടിയാണ് ഇപ്പോൾ മുല്ലപ്പെരിയാറില്‍ ജലനിരപ്പ്. മഴ മാറിയതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് 2000 ഘനയടിക്ക് മുകളിൽ വെള്ളമാണ് കൊണ്ടു പോകുന്നത്.