കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

 

 

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് ഒന്‍പത് ജില്ലകളിലും നാളെ പതിനൊന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ പന്ത്രണ്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല.

അതേസമയം, ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി അടച്ചു. ഡാമിന്റെ മൂന്ന് ,നാല് ഷട്ടറുകള്‍ നിലവില്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 794 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മൈക്ക് അനൗണ്‍സ്മെന്റ് അടക്കം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ജലനിരപ്പ് കുറയുകയായിരുന്നു. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞു. ഇന്നലെ 141.65 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോള്‍ കേരളത്തിലേക്ക് കൂടുതല്‍ വെള്ളം തുറന്നുവിട്ടതിനാലാണ് ജലനിരപ്പ് കുറഞ്ഞത്.