സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിക്കാന്‍ കേരളം; ഡിസംബർ ഒന്നിന് ആദ്യ മത്‌സരം

കോഴിക്കോട്: കേരളത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി  ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാന്‍ ആതിഥേയര്‍. പിന്നെ കിരീടം തിരിച്ചുപിടിക്കുക ലക്ഷ്യവും. ഇതിനായി കൂട്ടിയും കിഴിച്ചും പുതിയ തന്ത്രങ്ങളൊരുക്കിയും കേരളത്തിന്റെ പരിശീലനക്യാമ്പ് അവസാന ഘട്ടത്തിലേക്ക്.

വെള്ളിയാഴ്ച ടീം പ്രഖ്യാപനവുമുണ്ടാകും. ഡിസംബര്‍ ഒന്നിനാണ് ടീമിന്റെ ആദ്യ മത്സരം. കോഴിക്കോട്ടെ ആദ്യഘട്ട ക്യാമ്പിനുശേഷം ഇപ്പോള്‍ കൊച്ചിയിലാണ് ടീം പരിശീലനം. മുഖ്യപരിശീലകന്‍ ബിനോ ജോര്‍ജിനുകീഴില്‍ 30 താരങ്ങളാണ് ക്യാമ്പിലുള്ളത്. ഇതില്‍നിന്നാണ് ടീമിനെ കണ്ടെത്തുന്നത്. സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിനുശേഷം തിരഞ്ഞെടുത്ത കളിക്കാര്‍ക്കൊപ്പം സംസ്ഥാനത്തെ ക്ലബ്ബുകളില്‍ നിന്നുള്ള താരങ്ങളെക്കൂടി ചേര്‍ത്താണ് ക്യാമ്പ് പുരോഗമിച്ചത്.

കഴിഞ്ഞ സീസണില്‍ മധ്യനിരയില്‍ തിളങ്ങിയ ജിജോ ജോസഫ്, അഖില്‍ എന്നിവര്‍ക്കൊപ്പം കേരള യുണൈറ്റഡ് നായകന്‍ അര്‍ജുന്‍ ജയരാജും ക്യാമ്പിലുണ്ട്. മുന്നേറ്റത്തിലേക്ക് സീനിയര്‍ താരം എസ്. രാജേഷ് എത്തി. ഗോള്‍കീപ്പറായി മിഥുനുണ്ട്. പ്രതിരോധത്തില്‍ ഇത്തവണ പുതുമുഖങ്ങള്‍ക്കാവും പ്രാധാന്യം. പരിശീലന മത്സരങ്ങളില്‍ ടീം മികച്ച പ്രകടനം നടത്തി. ഗോകുലം കേരള, എം.എ. കോളേജ്. ഡോണ്‍ ബോസ്‌കോ, മഹാരാജാസ് കോളേജ് ടീമുകള്‍ക്കെതിരേ കളിച്ചു. കഴിഞ്ഞതവണത്തെ പരിശീലകസംഘത്തെ കേരളം നിലനിര്‍ത്തി. ബിനോ ജോര്‍ജിന് പുറമെ, സഹപരിശീലകനായി ടി.ജി. പുരുഷോത്തമന്‍, ഗോള്‍കീപ്പര്‍ കോച്ചായി സജി ജോയി എന്നിവരുമുണ്ട്.

ലക്ഷദ്വീപ്, പുതുച്ചേരി, അന്തമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവയാണ് കേരളത്തിനൊപ്പം ഗ്രൂപ്പിലുള്ളത്. കലൂര്‍ ജവാഹര്‍ലാല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

കേരളത്തിന്റെ മത്സരങ്ങള്‍

ഡിസംബര്‍ 1 രാവിലെ 9.30 ന് കേരളം vs ലക്ഷദ്വീപ്
ഡിസംബര്‍ 3 രാവിലെ 9.30 ന് കേരളം vs അന്തമാന്‍ നിക്കോബാര്‍
ഡിസംബര്‍ 5 ഉച്ചയ്ക്ക് 3.00 ന് കേരളം vs പുതുച്ചേരി