പച്ചക്കറിക്ക് തീവില തന്നെ; കോഴിക്കോടും തക്കാളിവില നൂറിലെത്തി, മുരിങ്ങക്കായ കിലോ 300 രൂപ

വിലകുറയ്ക്കാന്‍ ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുമ്പോഴും സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില തന്നെ. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില സെഞ്ച്വറിയടിച്ചു. മറ്റിനങ്ങൾക്കും ആഴ്ചകളായി ഉയർന്നവില തുടരുകയാണ്. മുരിങ്ങക്കായാണ് കുത്തനെ വില കയറിയ മറ്റൊരിനം. മൂന്നൂറ് രൂപയാണ് ഇന്നത്തെ കിലോവില. വെണ്ട കിലോയ്ക്ക് എഴുപതും ചേനയും ബീന്‍സും കാരറ്റും കിലോക്ക് അറുപതും രൂപയാണ് വില. മണ്ഡലകാലം തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാരേറിയ സമയത്തെ വിലക്കയറ്റം കച്ചവടക്കാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതി കാരണം ഉല്‍പാദനം കുറഞ്ഞതാണ് വിലകൂടാന്‍ കാരണമായി പറയുന്നത്. അതേസമയം ഹോർട്ടികോർപ്പ് കുറഞ്ഞ വിലയ്ക്ക് വില്‍പ്പന തുടരുകയാണ്. വില കുത്തനെ കൂടിയെങ്കിലും പിടിച്ചുനിർത്താനുള്ള ശ്രമം ഹോർട്ടികോർപ്പ് തുടരുകയാണ്. കഴിഞ്ഞ തിങ്കളാള്ച മുതൽ ശരാശരി 80 ടൺ പച്ചക്കറി തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമായി ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തെതെങ്കാശിയില്‍നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിനായി ബുധനാഴ്ച കരാറൊപ്പിടുമെന്നാണ് ഹോർട്ടികോർപ്പ് അറിയിച്ചിരിക്കുന്നത്. തെങ്കാശിയിൽ സംഭരണകേന്ദ്രം ആരംഭിച്ച് ഇടനിലക്കാരെ ഒഴിവാക്കി വിലക്കയറ്റം പിടിച്ച് നിർത്താനാണ് സർക്കാർ നീക്കം.