January 21, 2022

രാജ്യത്ത് വർക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു

വർക്ക് ഫ്രം ഹോം ചട്ടത്തിനായി കേന്ദ്രം നടപടികൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ നീക്കം.

വർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ തൊഴിൽസമയം കൃത്യമായി നിശ്ചയിക്കും. ഇന്റർനെറ്റ്, വൈദ്യുതി എന്നിവയ്ക്കുവരുന്ന ചെലവിന് വ്യവസ്ഥയുണ്ടാകും. കൊവിഡാനന്തര സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം തൊഴിൽ രീതിയായി മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

പോർചുഗലിലെ നിയമനിർമാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. നിലവിൽ ഇന്ത്യയിൽ വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് വർക്ക് ഫ്രം ഹോം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങൾ തയാറാക്കുന്നത്. ജോലി സമയത്തിന് ശേഷം ജീവനക്കാർക്ക് മെസേജ് അയക്കുന്നത് പോർചുഗൽ നിയമവിരുദ്ധമാക്കിയിരുന്നു. തൊഴിൽ നിയമത്തിലാണ് പോർചുഗീസ് സർക്കാർ ഇത് സംബന്ധിച്ച ഭേദഗതി വരുത്തിയത്. ജോലി സമയം അല്ലാത്ത സമയത്ത് ജീവനക്കാരെ ബുദ്ധിമുട്ടിച്ചാൽ ഇനി മുതൽ പോർച്ചുഗലിൽ തൊഴിലാളികൾക്ക് തൊഴിലുടമകൾക്കെതിരെ നിയമപരമായി നീങ്ങാം. ഇതിന് പുറമെ ‘വർക്ക് ഫ്രം ഹോം’ ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന തിരത്തിലും നിയമ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.