സിപിഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും

 

 

സിപിഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. വെസ്‌റ്റ്‌ഹിൽ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പൻ നഗറിൽ പ്രതിനിധി‌ സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
12 ന് വൈകീട്ട് കടപ്പുറത്തെ ഇ എം എസ് നഗറിൽ നടക്കുന്ന പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 16 ഏരിയാ സമ്മേളനങ്ങളിൽനിന്ന്‌ തെരഞ്ഞെടുത്ത 208 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമുൾപ്പെടെ 250 പേരാണ് കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

രാവിലെ 10ന് ‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പൊളിറ്റ്‌ ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ എന്നിവർ പങ്കെടുക്കും.
ഉദ്‌ഘാടനശേഷം ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. തുടർന്ന്‌ ഗ്രൂപ്പ്‌ചർച്ചയും പൊതുചർച്ചയും നടക്കും. 12 ന് പൊതുസമ്മേളനം നടക്കുന്ന കടപ്പുറത്തെ ഇ എം എസ് നഗറിൽ സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പതാക ഉയർത്തി.

ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മാമ്പറ്റ ശ്രീധരൻ്റെയും എം മെഹബൂബിൻ്റെയും നേതൃത്വത്തിൽ പതാക, കൊടിമര ജാഥകൾ കടപ്പുറത്ത് സംഗമിച്ചു.
പി വിശ്വൻ്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ദീപശിഖ പ്രതിനിധി സമ്മേളന നഗറിൽ ജില്ലാ സെക്രട്ടറി പി മോഹനൻ കൊളുത്തി. ചടങ്ങിൽ നേതാക്കളായ എളമരം കരീം എം പി, ടി പി രാമകൃഷ്ണൻ എം എൽ എ, മന്ത്രി പി എ മുഹമ്മദ് റിയസ്, എ പ്രദീപ് കുമാർ, എ പി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.