കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം; സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. സിംഗിള്‍ ബഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുന്നത്.

കുപ്പി വെള്ളത്തിന് വില നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവില്‍ അപാകതയില്ലെന്നായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഡിവിഷന്‍ ബഞ്ചിന്റെയും നിലപാട് .വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ മാസമാണ് സ്‌റ്റേ ചെയ്തത്. കുപ്പിവെള്ള ഉല്‍പാദന സംഘടനയുടെ ഹരജി പരിഗണിച്ചായിരുന്നു ഇടക്കാല ഉത്തരവ്. വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വില കുറച്ച് ഉത്തരവിറക്കിയത്.