ധീരജിന്റെ മരണ കാരണം നെഞ്ചിലേറ്റ കുത്ത്; ശരീരത്തിൽ ചതവുകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

 

 

ഇടുക്കി ​ഗവൺമെന്റ് എൻജിനീയറിം​ഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണത്തിലേക്ക് നയിച്ചത് നെഞ്ചിലേറ്റ മുറിവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടത് നെഞ്ചിന് താഴെയായി കത്തി കൊണ്ട് മൂന്ന് സെന്റി മീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവാണ് ശരീരത്തിലുള്ളത്. ചതവുകളുമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കേസിൽ മുഖ്യപ്രതി യൂത്ത് കോൺ​ഗ്രസ് നേതാവ് നിഖില്‍ പൈലി അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലക്കുറ്റത്തിനാണ് നിഖിലിനെതിരേ കേസെടുത്തിരിക്കുന്നത്. വധശ്രമം സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ജെറിന്‍ ജോജോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ് ഐ ആര്‍. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതു സംബന്ധിച്ച് അന്വേഷണവും ഊര്‍ജ്ജിതമാണ്.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ധീരജിന്റെ മൃതദേഹം ആദ്യം സിപിഐഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിലെത്തിച്ച് പൊതു ദര്‍ശനത്തിന് വച്ചു. ഇവിടെ നിന്നും കോളേജ് അധികൃതരുടെ ആവശ്യപ്രകാരം ക്യാമ്പസിലെത്തിച്ചും പൊതു ദര്‍ശനം നടത്തി. ഇന്നലെ ഊര്‍ജ്ജ സ്വലതയോടെ തിരഞ്ഞെടുപ്പിനായിട്ടെത്തിയ ധീരജ് കൊലക്കത്തിക്കിരയായി ഇന്ന് വിടപറയുമ്പോള്‍ വൈകാരിക നിമിഷങ്ങള്‍ക്കാണ് ക്യമ്പസ് സാക്ഷിയായത്. കോളേജ് അടച്ചിട്ടും സഹപാഠിയെ ഒരു നോക്ക് കാണാന്‍ വിദ്യാര്‍ത്ഥികള്‍ കാത്തുനിന്നു. വിതുമ്പി കരയുന്ന വിദ്യാര്‍ത്ഥികളുടെ മുഖം ഇടുക്കിയേയും കണ്ണീരിലാഴ്ത്തി.