കോഴിക്കോട് കാറപകടത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

 

 

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ കാറപകടത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പന്നിയെ വെടിവെച്ചത്. അപകടത്തിൽ പരിക്കേറ്റ പന്നി അവശനിലയിലായിരുന്നു. നഗരത്തിലെ ദേശീയപാതയില്‍ വാഹനത്തെയിടിച്ചിട്ട് കടന്നു കളഞ്ഞ കാട്ടുപന്നിയെ തിരയാനായി പൊലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. താമരശ്ശേരി റേഞ്ചില് നിന്നെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അപകടം നടന്ന തൊണ്ടയാടിന് സമീപത്തെ കുറ്റിക്കാട്ടില് കാട്ടുപന്നിയെ കണ്ടെത്തി. ഇന്നലത്തെ അപകടത്തില്‍ പരിക്കേറ്റിരുന്ന പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം പന്നിയെ സംസ്കരിക്കും. ഇന്നലെ പുലർച്ചെയാണ് കാട്ടുപന്നി റോഡിന് കുറുകെ ചാടി പിക്കപ്പ് വാനിനെ ഇടിച്ചത്. നിയന്ത്രണം വിട്ട പിക് അപ് വാന് ഒമ്നി വാനിലിടിക്കുകയും കാറിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശി സിദ്ധീഖ് മരണപ്പെടുകയും മൂന്നുപേർക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.