വര്‍ക്കല താലൂക്കാശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: കൊവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നഴ്‌സ് മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഗ്രേഡ് വണ്‍ സരിത(45) യാണ് മരിച്ചത്. കല്ലറ സിഎഫ്എല്‍ടിസിയില്‍ ഡ്യൂട്ടിയിലായിരുന്നു സരിത.

ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ബുദ്ധിമുട്ടുകളില്ലാത്തതിനാല്‍ ഇവര്‍ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഇന്ന് രാവിലെയാണ് സരിതയെ വീട്ടില്‍ മരച്ച നിലയില്‍ കണ്ടെത്തിയത്. സരിതയുടെ വിയോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി.

കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ സരിതയ്ക്കുണ്ടായിരുന്നില്ല എന്നാണ് മനസിലാക്കാന്‍ സാധിച്ചതെന്നും സരിതയുടെ മരണം ആരോഗ്യ വകുപ്പിന് തീരാ നഷ്ടമാണ്. സരിതയുടെ മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡിനെ ആരും നിസാരമായി കാണരുത്. എല്ലാവരും അതീവ ജാഗ്രത തുടരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.